ന്യൂദല്‍ഹി: യു.പിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരായ വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെട്ടത് വിനോദസഞ്ചാര മേഖലയെ ബാധിക്കില്ലെന്ന് കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തുടര്‍ച്ചയായി വെടിവെപ്പു നടക്കുന്ന യു.എസിലും ഭീകരാക്രമണം നടക്കുന്ന യൂറോപ്പിലും അതിന്റെ പേരില്‍ വിനോദസഞ്ചാരികള്‍ പോകാതിരിക്കുന്നുണ്ടോയെന്നും കണ്ണന്താനം ചോദിച്ചു.

Subscribe Us:

വിനോദ സഞ്ചാരികള്‍ക്ക് വളരെ സുരക്ഷിതമായ സ്ഥലമാണ് ഇന്ത്യ. ആഗ്രയിലേതുപോലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വ്വമായി നടക്കുന്നതാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു.

ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ട കേന്ദ്രമായ ആഗ്രയില്‍ വിദേശികള്‍ക്കുനേരെ നടന്ന ആക്രമണം യു.പി സര്‍ക്കാറിനെ പ്രതിരോധത്തിലായിരുന്നു. സംഭവത്തില്‍ ഇടപെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.

യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. യു.പിയില്‍ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തരമന്ത്രിയ്ക്ക് കഴിയുന്നില്ല എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് വിദേശികളായ വിനോദസഞ്ചാരികള്‍ക്കെതിരെയും ആക്രമണം നടന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ നാണക്കേടായിരുന്നു.


Also Read: എന്നെ കുടുക്കുകയായിരുന്നു; മന്ത്രിയുടെ സെക്‌സ് സിഡി വിഷയത്തില്‍ എനിക്ക് ഒരു ബന്ധവുമില്ല: അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ


വിനോദസഞ്ചാരികള്‍ക്കെതിരെ നടന്ന ആക്രമണം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ തന്നെ ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണന്താനം ഇത്തരം വിമര്‍ശനങ്ങളെ പ്രതിരോധിച്ചു വന്നിരിക്കുന്നത്.

സെപ്റ്റംബര്‍ 30നാണ് സ്വിറ്റ്‌സര്‍ലാന്റ് സ്വദേശികളായ ക്വെന്റിന്‍ ജെറമി ക്ലാര്‍ക്കും കൂട്ടുകാരി മാരി ഡ്രോസും യു.പിയിലെത്തിയത്. ഇവരിപ്പോള്‍ ദല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ഫത്തേപ്പൂര്‍ സിക്രിയിലെ റെയില്‍വേ സ്റ്റേഷനുസമീപം നില്‍ക്കുകയായിരുന്ന ഇവരെ അഞ്ചു യുവാക്കള്‍ ശല്യപ്പെടുത്തി. ഒപ്പം നിന്നു സെല്‍ഫിയെടുക്കണമെന്നു പറഞ്ഞ് സംഘം മാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും യുവാക്കള്‍ വടിയും കല്ലും ഉപയോഗിച്ചു മര്‍ദ്ദിക്കുകയായിരുന്നു.