എഡിറ്റര്‍
എഡിറ്റര്‍
അലക്‌സ് പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു
എഡിറ്റര്‍
Thursday 3rd May 2012 6:53pm

സുഖ്മ/ചെന്നൈ: മാവോയിസ്റ്റുകള്‍ ബന്ദിയാക്കിവെച്ചിരുന്ന ജില്ലാകളക്ടര്‍അലക്‌സ് പോള്‍ മേനോനെ വിട്ടയച്ചു. 12 ദിവസത്തിനു ശേഷമാണ് ജില്ലാകളക്ടറെ മാവോയിസ്റ്റുകള്‍ മോചിതനാക്കുന്നത്. ഏപ്രില്‍ 21നാണ് അദ്ദേഹത്തെ ബന്ദിയാക്കിയത്. സുഖ്മ ജില്ലാ കളക്ടറാണ് അലക്‌സ് പോള്‍ മേനോന്‍.

ജില്ലാ കളക്ടറിന്റെ ആരോഗ്യത്തിനു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്  പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തന്റെ മോചനത്തിനായി പ്രയത്‌നിച്ച സംസ്ഥാന സര്‍ക്കാരിന് അലക്‌സ് നന്ദി അറിയിച്ചു.

മധ്യസ്ഥരായ ബി.ഡി.ശര്‍മ്മയുടെയും ജി.ഹര്‍ഗോപാലിന്റെയും കൂടെ ജില്ലാ കളക്ടറെ ഇന്നു രാവിലെ 11 മണിയോടെ വിട്ടയയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം വൈകുന്നേരം 3 മണിയോടെയാണ് അദ്ദേഹത്തെ മധ്യസ്ഥര്‍ക്ക് കൈമാറിയത്.

അലക്‌സ് മേനോന്റെ ബന്ദിയുമായി ബന്ദപ്പെട്ട സുപ്രധാന സംഭവ വികാസങ്ങള്‍:

1. ഛത്തീസ്ഗഡ് സര്‍ക്കാരുമായുള്ള സന്ധി സംഭാഷണത്തില്‍ മാവോയിസ്റ്റുകള്‍ക്കു വേണ്ടി സംസാരിച്ചിരുന്ന ബി.ഡി.ശര്‍മ്മ ജി.ഹര്‍ഗോപാല്‍ എന്നിവര്‍ക്ക് 32 വയസ്സുകാരനായ ജില്ലാകളക്ടറെ കൈമാറും എന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.

2. അതേസമയം അലക്‌സ് പോളിന്റെ ഭാര്യ ആശയ്ക്ക് ഇതേ പറ്റി ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചില്ല.

3. ഛത്തീസ്ഗഡ് സര്‍ക്കാരും അലക്‌സ് പോളിനെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ഉറപ്പും നല്‍കിയിരുന്നില്ല. ‘അലക്‌സിനെ കണ്ടതിനു ശേഷമേ അദ്ദേഹത്തെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു എന്നു പറയാനാവൂ. അതുവരെ ഔദ്യോഗികമായ യാതൊരുറപ്പും നല്‍കാനാവില്ല. ഞങ്ങല്‍ക്കും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി അതുറപ്പിക്കാനായില്ല’, ഔദ്യോഗിക വൃന്ദങ്ങള്‍ പറഞ്ഞു.

4. അലക്‌സ് പോളിനെ മെയ് മൂന്നിന് മധ്യസ്ഥര്‍ക്ക് കൈമാറുമെന്ന് മാവോയിസ്റ്റുകള്‍ ബി.ബി.സിയ്ക്ക് ചൊവ്വാഴ്ച്ച നല്‍കിയ സ്‌റ്റേറ്റുമെന്റില്‍ വ്യക്തമാക്കി.

5. ഇതിനിടയില്‍ കളക്ടറെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളുമായി സന്ധിസംഭാഷണങ്ങള്‍ നടക്കുന്നു. ജയിലില്‍ കിടക്കുന്ന 17 മാവോയിസ്റ്റുനേതാക്കളുള്‍പ്പടെയുള്ളവരുടെ കേസ്സുകള്‍ പരിഗണിക്കുന്നതിനായി നിര്‍മ്മല ബുച്ചിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

6. മാവോയിസ്റ്റുകള്‍ ജില്ലാകളക്ടറുടെ വിമോചനത്തിനായി പ്രധാനമായും ആവശ്യപ്പെട്ടത് ഈ 17 മാവോയിസ്റ്റു നേതാക്കളുടെ മോചനമാണ്. എന്നാല്‍ മോചന കരാര്‍ ജയിലില്‍ കഴിയുന്ന ആരെയും മോചിപ്പിക്കുന്നതില്‍ എത്തിച്ചേര്‍ന്നില്ല.

7. കഴിഞ്ഞയാഴ്ച്ച മാവോയിസ്റ്റുകള്‍ മീഡിയയ്ക്ക് അയയ്ച്ച ഇമെയിലില്‍ എന്തിനാണ് തങ്ങള്‍ ജില്ലാ കളക്ടറെ ബന്ധിയാക്കിയതെന്ന് വ്യക്തമാക്കിയിരുന്നു.അലക്‌സ് പോള്‍ റായ്പ്പൂര്‍ പ്രദേശത്ത് മാവോയിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അതായിരുന്നു അലക്‌സിനെ ബന്ദിയാക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നുമാണ് അതില്‍ വിശദീകരിച്ചിരുന്നത്.

Advertisement