ഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍(ബി ബി സി) ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത പരിപാടി കേരളത്തെക്കുറിച്ചായിരുന്നു. മലയാളിയുടെ മദ്യപാന വിശേഷത്തെക്കുറിച്ച്. കേരള ലൗ അഫെയര്‍ വിത്ത് ആല്‍ക്കഹോള്‍ എന്ന പേരിലായിരുന്നു ആ പ്രത്യേക പരിപാടി. കേരളം മദ്യവില്‍പനയിലും ഉപയോഗത്തിലും ഒന്നാമതെത്തിയതും സര്‍ക്കാറിന് അതുവഴി ലഭിക്കുന്ന സമ്പത്തിക വരുമാനവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഒരു മദ്യക്കമ്പനിക്ക് വേണ്ടി സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ച ‘വൈകീട്ടെന്താ പരിപാടി’യെന്ന പരസ്യവും സംപ്രേക്ഷണം ചെയ്തിരുന്നു.

പ്ലാച്ചിമടയിലെ കൊക്കക്കോലയുടെ ജല ചൂഷണത്തെക്കുറിച്ച് ആദ്യമായി മലയാളിയെ അറിയിച്ച ബി ബി സി തന്നെ വീണ്ടും കേരളത്തെ വിളിച്ചുണര്‍ത്തുന്നു.
ബി ബി സി റിപ്പോര്‍ട്ടില്‍ നിന്ന്

ജേക്കബ് വര്‍ഗീസ് തനിക്ക് ഒമ്പത് വയസുള്ളപ്പോഴാണ് മദ്യപാനം തുടങ്ങിയത്. അച്ഛന്‍ കുടിച്ചുപേക്ഷിച്ച കുപ്പിയിലെ ശേഷിച്ച തുള്ളികള്‍ അവന് ലഹരി നല്‍കി. ഇന്ന് 40 വയസുള്ള അയാള്‍ കഴിഞ്ഞ ജീവിതത്തെക്കുറിച്ച് പുച്ഛത്തോടെയാണ് ഓര്‍ക്കുന്നത്.

സ്‌കൂള്‍ പഠന കാലത്ത് വര്‍ഗീസ് നിലവാരം കുറഞ്ഞ ലഹരിപാനീയം പണം കൊടുത്ത് വാങ്ങിക്കഴിച്ച് തുടങ്ങി. പിന്നെ ലഹരിയില്‍ മുങ്ങിയ ജീവിതമായിരുന്നു. കോളജ് പഠന കാലത്തും അത് തുടര്‍ന്നു. കുടി കാരണം ജോലി നഷ്ടപ്പെട്ടു. രണ്ട് തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ട് പോയി പാര്‍പ്പിച്ചെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ട് വീണ്ടും ലഹരി നുരക്കുന്ന തെരുവിലെത്തി.

‘ മദ്യപാനം കേരളത്തിനെ ബാധിച്ച ഒരു രോഗമാണ്’- ഇത് പറയുമ്പോള്‍ വര്‍ഗീസിന്റെ ചുണ്ടുകള്‍ വിറക്കുന്നു. ‘ എനിക്ക് എല്ലാം നഷ്ടപ്പെട്ടു, എന്റെ സമ്പത്തും ആത്മാഭിമാനവുമെല്ലാം ലഹരി നശിപ്പിച്ചു. എല്ലാവരും നിങ്ങളെ കുടിക്കാന്‍ പ്രേരിപ്പിച്ച് കൊണ്ടിരിക്കും, സുഹൃത്തുക്കളും സര്‍ക്കാറും എല്ലാവരും’. എന്നാല്‍ ഇപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി വര്‍ഗീസ് ഇപ്പോള്‍ ലഹരിയില്‍ നിന്ന് മോചിതനായിക്കഴിഞ്ഞു. ‘എന്റെ പല സുഹൃത്തുക്കും ഈ ഭാഗ്യം ലഭിച്ചിട്ടില്ല. എന്നോടൊപ്പം കുടിച്ച പലരും മരിച്ചു പോയി. മറ്റ് പലര്‍ക്കും മാനസിക നില തകരാറിലായി’- വര്‍ഗീസ് പറയുന്നു.

ലഹരി നുരക്കുന്ന വൈകുന്നേരങ്ങളാണ് ഇന്ന് കേരളീയന്റെ ആനന്ദം. ലഹരിയുടെ ഉപയോഗത്തില്‍ ഈ കൊച്ചു സംസ്ഥാനം ദേശീയ ശരാശരിയെ കടത്തി വെട്ടിയിരിക്കുന്നു. ഒരു വര്‍ഷം കേരളത്തിലെ ആളോഹരി ശരാശരി മദ്യപാനം എട്ട് ലിറ്ററാണ്. പരമ്പരാഗതമായി കുടിയന്മാരുടെ നാടായ പഞ്ചാബിനെക്കാളും ഹരിയാനയെക്കാളും ഉയര്‍ന്ന അളവാണിത്. റമ്മും ബ്രാന്‍ഡിയുമാണ് കേരളീയന്റെ ഇഷ്ട മദ്യം. ആല്‍ക്കഹോള്‍ കേരളത്തിന്റെ ഖജനാവിനെയും സമ്പുഷ്ടമാക്കുന്നു. കേരള സര്‍ക്കാര്‍ 40 ശതമാനം വരുമാനം കണ്ടെത്തുന്നത് മദ്യ വില്‍പനയിലൂടെയാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അതിനാല്‍ മദ്യപാനം നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാറില്‍ നിന്ന് പ്രത്യേക പദ്ധതികളൊന്നും പ്രതീക്ഷിക്കേണ്ടെന്ന അവസ്ഥായാണ്.

സര്‍ക്കാറിന് കീഴിലുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനാണ് മദ്യവില്‍പനയുടെ കുത്തക. ബിവറേജസ് കോര്‍പറേഷന്റെ 337 ഔട്ട്‌ലെറ്റുകള്‍ ആഴ്ചയില്‍ 7 ദിവസവും തുറന്ന് വെക്കുന്നു. ഓരോ ഷോപ്പിലും ശരാശരി 80,000ത്തോളം പേര്‍ എത്തുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ മദ്യവില്‍പനിയലൂടെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തില്‍ 100 ശതമാനം വര്‍ധനയുണ്ടായി. മദ്യഷോപ്പുകള്‍ തുറക്കാന്‍ അഞ്ച് മിനിട്ട് വൈകിയാല്‍ ഉടന്‍ മൊബൈലില്‍ ഉപഭോക്താക്കളുടെ മെസ്സേജ് എത്തുമെന്ന് കെ എസ് ബി സി തലവന്‍ എന്‍ ശങ്കര്‍ റെഢി പറയുന്നു.

ഇതു കൊണ്ടെല്ലാം പൂര്‍ത്തിയാവുന്നില്ല, കേരളത്തില്‍ 5,000ത്തോളം വരുന്ന കള്ള് ഷാപ്പുകളിലൂടെ വില്‍ക്കപ്പെടുന്ന ലഹരിപാനീയം വേറെയാണ്. അനധികൃത മദ്യവാറ്റും നടക്കുന്നു. കേരളത്തില്‍ ഒരു പ്രമുഖ നടന്‍ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച് വൈകീട്ടത്തെ ‘പരിപാടിക്ക്’ ക്ഷണിക്കുന്നുണ്ട്. ഇതിന് പുറമെ നടന്‍ എന്‍ എല്‍ ബാലകൃഷ്ണന്‍ ലഹരിയെ തന്റെ സ്വന്തം ശൈലിയില്‍ വ്യാഖ്യാനിക്കും. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മദ്യപന്‍മാരുടെ ഒരു ഫോറം 1983ല്‍ തന്നെ കേരളത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പൊതു വിതരണ സംവിധാനത്തിലൂടെ മദ്യം എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

‘ എന്റെ പിതാവാണ് എന്നെ മദ്യപാനത്തിലേക്ക് കൈപിടിച്ചത്. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണാന്‍ പോകാറുണ്ടായിരുന്നു. ഷോ കഴിഞ്ഞ ശേഷം അടുത്തുള്ള മദ്യശാലയില്‍ കയറി അച്ഛന്‍ വീശും. അച്ഛനാണ് ആദ്യമായി മദ്യത്തിന്റെ ലഹരി സിരകളില്‍ പടര്‍ത്തിയത്’- ബാലകൃഷ്ണന്‍ പറയുന്നു. 98ല്‍ അച്ഛന്‍ മരിച്ച സമയത്ത് തന്റെയുള്ളില്‍ മുഴുവന്‍ ലഹരിയായിരുന്നുവെന്ന് ബാലകൃഷ്ണന്‍ ഓര്‍ക്കുന്നു.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനത്തിന്റെ പ്രമുഖ കാരണങ്ങളിലൊന്ന് മദ്യപാനമാണ്. റോട്ടില്‍ അപകടത്തിന്റെ കുഴിയൊരുക്കുന്നതും ലഹരി തന്നെ. 2008-2009ല്‍ മദ്യപിച്ച് വാഹനമോടിച്ച് 4000ത്തോളം അപകടങ്ങളാണുണ്ടായത്. ആല്‍ക്കഹോള്‍ സംബന്ധമായ അസുഖങ്ങള്‍ കാരണം കേരളത്തിലെ ആശുപത്രികളും റിഹാബിലിറ്റേഷന്‍ സെന്ററുകളും നിറഞ്ഞിരിക്കയാണ്.

മദ്യക്കമ്പനിക്ക് വേണ്ടി മോഹന്‍ലാല്‍ അഭിനയിച്ച ‘വൈകീട്ടെന്താ പരിപാടി’യെന്ന പരസ്യചിത്രത്തില്‍ നിന്ന്