കൊച്ചി: എക്‌സൈസിന്റെ പ്രത്യേക അനുമതി ഇല്ലാതെ ഇനി മുതല്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാമെന്ന് ഹൈക്കോടതി. എന്നാല്‍ മദ്യവില്‍പ്പന പാടില്ല. അനുവദിനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇത്തരം ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടാന്‍ പാടില്ലെന്നും സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടു. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പണമെങ്കില്‍ പണം അടച്ച് എക്‌സൈസ് ലൈസന്‍സ് വാങ്ങണമെന്ന് നിര്‍ബന്ധമാണ്.


Also Read: ശ്രീനഗറിലെ ജാമിയ മസ്ജിദിനു മുമ്പില്‍ ജനക്കൂട്ടം പൊലീസ് ഓഫീസറെ തല്ലിക്കൊന്നു: പ്രകോപിതരായത് ഓഫീസര്‍ വെടിയുതിര്‍ത്തതോടെ


സര്‍ക്കാറിന്റെ പുതിയ മദ്യനയം ജൂലൈ ഒന്ന് മുതല്‍ നടപ്പിലാകാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതാണ് പുതിയ മദ്യനയം. കൂടാതെ മദ്യശാലകളുടെ പ്രവര്‍ത്തനസമയം രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാക്കി പുനര്‍നിര്‍ണ്ണയിച്ചിട്ടുമുണ്ട്.

പുതിയ മദ്യനയം പ്രകാരം മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21-ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ബാറുകളില്‍ കള്ള് വിതരണം ചെയ്യാമെന്നും മദ്യനയത്തില്‍ പറയുന്നു. അതേസമയം സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന് എതിരായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.