കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും മദ്യപാനം വര്‍ദ്ധിക്കുന്നു: സര്‍വ്വെ
Kerala
കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും മദ്യപാനം വര്‍ദ്ധിക്കുന്നു: സര്‍വ്വെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 10:32 am

[]തൃശ്ശൂര്‍: കേരളത്തില്‍ സ്ത്രീകളിലും,  കുട്ടികളിലും മദ്യപാന ശീലം വര്‍ദ്ധിക്കുന്നതായി സര്‍വ്വെ. എക്‌സ്‌സൈസ് വകുപ്പും, പോലീസിന്റെ  ഒ.ആര്‍.സി (അവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) യും സംയുക്തമായി നടത്തിയ  സര്‍വ്വെയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സ്ത്രീകളില്‍ 20 ശതമാനമാളുകളും മദ്യപാനത്തിന് അടിമകളാണെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്.  സ്ത്രീകളില്‍ മദ്യപാനത്തിന് ഇടയാക്കുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തുന്നത്  ജോലിയിലെ ഭാരിച്ച ഉത്തരാവാദിത്തവും, അമിത സമ്മര്‍ദ്ദവും, കൂടാതെ കുടുംബ പ്രശ്‌നങ്ങളുമാണെന്നാണ്  കണ്ടെത്തിയിട്ടുള്ളത്.[]

ഇതിന് പുറമെ കുടുംബ സദസ്സുകളില്‍ മദ്യപാനത്തിന് വേദിയൊരുങ്ങുന്ന സമയങ്ങളില്‍ സ്ത്രീകള്‍ മദ്യം വിളമ്പാനും, കൂട്ടത്തില്‍ മദ്യപിക്കാനും
നിര്‍ബന്ധിതമാകുന്നെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നുണ്ട്. അമിത മദ്യപാനികളായ ഭര്‍ത്താക്കനമാര്‍ക്കിടയിലാണ് വിവാഹ മോചന കേസുകളും, മറ്റ് പീഡന കേസുകളും ധാരാളമായി കണ്ടു വരുന്നതെന്നും സര്‍വ്വേയിലുണ്ട്.

ബിവറേജസ് വില്‍പനശാലകളില്‍ ക്യൂ നില്‍ക്കുന്നവരില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ കണ്ടത്തിയിട്ടുണ്ട്.  ക്യൂവില്‍ നില്‍ക്കാല്‍ സ്ത്രീകള്‍ക്ക് മടിയില്ലെന്നും വ്യക്തമാക്കുന്നു. സ്ത്രീകളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പാര്‍ലറുകള്‍ പോലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്രാമങ്ങളിലെ സ്ത്രീകളില്‍ മദ്യപാന ശീലം കുറവാണെങ്കിലും, ഗ്രാമങ്ങളും കൂടി പരിഗണിക്കുമ്പോള്‍ കേരളത്തില്‍ അഞ്ച് ശതമാനം സ്ത്രീകള്‍ മദ്യപരാണ്. ഇക്കാര്യത്തില്‍ 10 വര്‍ഷത്തിനിടക്ക് നാലിരട്ടിയാണ് വര്‍ധന.   പ്രഫഷനല്‍ കോളജുകളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ മദ്യപാനം വ്യാപകമാണ്.

കുട്ടികള്‍ക്കിടയില്‍ മദ്യപാനവും ലഹരി ഉപയോഗങ്ങളും വര്‍ധിക്കുകയാണെന്ന് പൊലീസിന്റെ “അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി” അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ തൃശൂര്‍ ജില്ലയിലെ 125 എയ്ഡഡ്, സി.ബി.സ്.ഇ സ്‌കൂളുകളിലെ 430 വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ക്യാമ്പിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്. കുട്ടികളില്‍ മദ്യം ഉപയോഗിക്കുന്നവരുടെ കുറഞ്ഞ പ്രായം 13 വയസ്സാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.