എഡിറ്റര്‍
എഡിറ്റര്‍
അച്ഛന്റെ വഴിയെ മകനും; മന്ത്രി പി.ജെ ജോസഫിന്റെ മകന്‍ സംഗീതലോകത്തേക്ക്
എഡിറ്റര്‍
Wednesday 23rd May 2012 4:35pm

ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫിന് സംഗീതത്തോടുള്ള പ്രണയം നാട്ടില്‍ പാട്ടാണ്. രാഷ്ട്രീയ തിരക്കിനിടയിലും പി.ജെ ജോസഫ് സംഗീതത്തിനായി സമയം നീട്ടിവെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ആലപിച്ച ജോസഫ് സിനിമയിലും അരക്കൈ നോക്കിയിരുന്നു. ഇപ്പോഴിതാ അച്ഛന്റെ പിന്നാലെ മകന്‍ കൂടി സംഗീതലോകത്തേക്ക് വരുന്നു.

പി.ജെ ജോസഫിന്റെ മകന്‍ അപ്പു ജോണ്‍ ജോസഫാണ് അച്ഛന്റെ സംഗീത പാത പിന്‍തുടരുന്നത്. അപ്പു നിര്‍മിക്കുന്ന വണ്‍ ദ യൂനിറ്റി സോംഗ് എന്ന ആല്‍ബം ഉടന്‍ പുറത്തിറങ്ങും. അച്ഛനെപ്പോലെ താനും പാട്ടുകളെ ഏറെ പ്രണയിക്കുന്നുണ്ടെന്നാണ് അപ്പു പറയുന്നത്.

16 ഇന്ത്യന്‍ ഭാഷകള്‍, 59 ഗായകര്‍ എന്നിവരുടെ സംഗമമാണ് ‘വണ്‍ ദ യൂനിറ്റി സോംഗ്’ എന്ന ആല്‍ബം.  പ്രശസ്ത സംഗീതഞ്ജന്‍ ജോര്‍ജ് പീറ്ററാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.  സുമേഷ് ലാലാണ് ആല്‍ബ ത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

ഭാഷയും വേഷവും സംസ്‌കാരങ്ങളും അതിരിടുകളിടാത്ത സ്‌നേഹത്തിന്റെ ആഹ്വാനവുമായാണ് ആല്‍ബമെത്തുന്നത്. സംഗീത കുലപതി ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ ഉര്‍ദുവില്‍ ആലപിച്ചു തുടങ്ങുന്ന ഗാനം കേട്ടിരിക്കെ സംസ്‌കൃതമാവും. പിന്നെ അത് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വ നാദത്തിലേക്ക് മാറും. സംഗീതഞ്ജരെ കൂടാതെ സിനിമാമേഖലയില്‍ നിന്നുള്ളവരും ആല്‍ബത്തില്‍ അണിനിരക്കും.

മമ്മുട്ടി, മോഹന്‍ലാല്‍, വിക്രം, വിവേക് ഒബ്‌റോയ്, കെ.എസ് ചിത്ര, ഉഷ ഉതുപ്പ്, വസുന്ധര ദാസ്, സൈന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150ലധികം പ്രമുഖ വ്യക്തികളാണ് ഈ ആല്‍ബത്തിലുള്ളത്. തന്റെ മനസ്സിലുദിച്ച ഈ ആശയം ഇന്ത്യന്‍ ജനതയൊന്നാകെ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ് പീറ്റര്‍.

നേരത്തെ 1988ല്‍ പുറത്തിറങ്ങി ദൂരദര്‍ശനിലൂടെ വന്‍ പ്രചാരം നേടിയ മിലെ സുര്‍ മേരാ തുമാര(എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒന്നുചേര്‍ന്നു നമ്മുടെ സ്വരമായ്) എന്ന പാട്ട് ഇതേ രീതിയിലായിരുന്നു ഒരുക്കിയത്.

Advertisement