എഡിറ്റര്‍
എഡിറ്റര്‍
ഇത് നായന്‍മാരുടെ അമ്പലം, അവരുടെ കുളം; ഇവിടെ ദളിതരെ കുളിപ്പില്ല; ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ദളിത് യുവാവിന് ആര്‍.എസ്.എസുകാരുടെ ക്രൂരമര്‍ദ്ദനം
എഡിറ്റര്‍
Saturday 22nd April 2017 9:38am

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കിക്കാനെത്തിയ ദളിത് യുവാവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജാതിപറഞ്ഞ് ആക്ഷേപിച്ച് മര്‍ദ്ദിച്ചതായി പരാതി. അരുക്കുറ്റി പഞ്ചായത്ത് കാട്ടില്‍മഠം ലക്ഷംവീട്ടില്‍ സുജീന്ദ്രലാല്‍ എന്ന പ്രവീണിനാണ് മര്‍ദ്ദനമേറ്റത്.

പാണാവള്ളി ഇടപ്പങ്ങഴി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി ശാലു, തൈക്കാട്ടുശ്ശേരി സ്വദേശി വിഷ്ണു, കുട്ടന്‍ എന്ന സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് കൈയേറ്റം ചെയ്തത്.

ഇത് നായരുടെ അമ്പലമാണെന്നും അവര്‍ക്കുള്ള കുളമാണെന്നും പട്ടികജാതിക്കാരെ കുളിപ്പില്ലെന്നും പറഞ്ഞായിരുന്നു കൈയേറ്റം. പരിക്കേറ്റ പ്രവീണ്‍ ചേര്‍ത്തല ഗവര്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവം ദിവസം രാവിലെ ആനയെ കാണാന്‍ വന്ന കുട്ടികളെ പ്രതികള്‍ കയ്യേറ്റം ചെയ്യുന്നത് ആനപ്പാപ്പാന്‍ കൂടിയായ പ്രവീണ്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രവീണുമായി പ്രതികള്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വൈകീട്ട് പ്രവീണ്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു മര്‍ദ്ദനം.


Dont Miss ‘നിലപാടിലുറച്ച് പിണറായി’; മൂന്നാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ സാധ്യത; വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും 


തൊട്ടടുത്തുള്ള തളിയാപറമ്പ് ക്ഷേത്രത്തില്‍ ഏതാനും ദിവസം മുന്‍പ് സമാനസ്വഭാവമുള്ള ആക്രമണം നടന്നിരുന്നു. പട്ടികജാതിക്കാരനായ ശ്രീജിത് എന്ന യുവാവിനെ പാണാവള്ളി പഞ്ചായത്തിലെ ബി.ജെ.പിയുടെ വാര്‍ഡ് തല നേതാക്കന്‍മാരായ സുമന്‍, നന്ദു എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. പട്ടികജാതിക്കാരന് അമ്പലത്തിലെന്താണ് കാര്യമെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

പ്രവീണ്‍ നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ് മേധാവിയും ശ്രീജിത്തിന്റെ പരാതിയില്‍ ചേര്‍ത്തല ഡി.വൈ.എസ്.പിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement