ആലപ്പുഴ: വിളക്കുകെടുത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കെ പി സി സിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് പ്രതാപവര്‍മ തമ്പാന്‍. സംഭവവുമായി ബന്ധപ്പെട്ട് കെ പി സി സി നേരത്തേ നോട്ടീസ് അയച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനിടെ കത്തിച്ച നിലവിളക്ക് ഊതിക്കെടുത്തി വീണ്ടും കത്തിച്ച മുന്‍ എംഎല്‍എ പ്രതാപവര്‍മ തമ്പാനു കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

കൊല്ലം ഡി.സി.സി ഓഫീസില്‍ ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങു നടക്കുമ്പോഴായിരുന്നു പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്. ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച ചടങ്ങു നടക്കുന്നതിന് മുന്‍പ് പുറത്തുനടന്ന മറ്റൊരു ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് കടവൂര്‍ ശിവദാസന്‍ കൊളുത്തിയ നിലവിളക്ക് തമ്പാന്‍ കെടുത്തുകയായിരുന്നു.

വിളക്ക് ഊതിക്കെടുത്തിയതിനു ശേഷം വിളക്കു കൊളുത്താന്‍ തമ്പാന്‍ പത്മരാജനെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ സി.വി പത്മരാജന്‍ അകത്തു പ്രസംഗിക്കുന്നതിനിടെ കടവൂര്‍ ശിവദാസന്‍ വിളക്കു കൊളുത്തിയതാണ് തമ്പാനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.