ആലപ്പുഴ: ആലപ്പുഴ സര്‍വോദയപുരത്ത് മാലിന്യം തള്ളാനെത്തിയ നഗരസഭാ വാഹനം നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്ക് നിസാര പരിക്കേറ്റു. സര്‍വോദയപുരത്തെ മാലിന്യപ്ലാന്റില്‍ മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സംവിധാനമേര്‍പ്പെടുത്തണമെന്നും ഇവിടേക്കുള്ള മാലിന്യവരവ് നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

എന്നാല്‍ പ്ലാന്റിന്റെ ശേഷിയില്‍ കൂടുതല്‍ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറച്ചുകാലമായി നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. മാലിന്യവുമായി വാഹനം എത്തിയാല്‍ തടയുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ പേരില്‍ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവും നടത്തിവരികയായിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഇവിടെ മാലിന്യം തള്ളാന്‍ നഗരസഭയുടെ വാഹനം എത്തിയത്. ഇതില്‍ പ്രകോപിതരായാണ് നാട്ടുകാര്‍ വാഹനം അടിച്ചുതകര്‍ത്തത്.