കൊച്ചി: ദിലീപ് ജയിലിലേക്കു പോകുമ്പോള്‍ വിതരണക്കാരന്‍ കൂടിയായ നിര്‍മ്മാതാവ് ദിനേശ് പണിക്കറെ ഇതേ സബ് ജയിലിലേക്കു കൊണ്ടുപോകാന്‍ ദിലീപ് വഴിയൊരുക്കിയ കഥയാണ് തനിക്ക് ഓര്‍മ്മവന്നതെന്ന് നിര്‍മ്മാതാവ് ആലപ്പി അഷ്‌റഫ്. മനോരമയിലെ അധോലോകം മൂവീസ് എന്ന പരമ്പരയിലാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം.

ദിലീപ് നായകനായ ‘ഉദയപുരം സുല്‍ത്താന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളാണ് ആലപ്പി അഷ്‌റഫ് ഓര്‍ത്തെടുക്കുന്നത. ചിത്രത്തിന്റെ വിതരണക്കാരനായിരുന്ന ദിനേശ് പണിക്കര്‍ ചെക്കു കേസില്‍ ജയിലിലായിരുന്നു. ഇതിനു പിന്നില്‍ ദിലീപിന്റെ ഇടപെടലാണെന്നാണ് ആലപ്പി അഷ്‌റഫ് ആരോപിക്കുന്നത്.

ഉദയപുരം സുല്‍ത്താന്‍ പൂര്‍ത്തിയായപ്പോള്‍ നിര്‍മാതാക്കള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ദിലീപിന് പ്രതിഫലം ഇനത്തില്‍ ഒന്നരലക്ഷംരൂപകൂടി അവര്‍ നാല്‍കാനുണ്ടായിരുന്നു. അതു നല്‍കാതെ ചിത്രം ഡബ്ബ് ചെയ്യില്ലെന്നു ദിലീപ് അറിയിച്ചതോടെ വിതരണക്കാരന്‍ എന്ന നിലയില്‍ ഈ പണം നല്‍കേണ്ട കാര്യമില്ലെന്നും പക്ഷേ ഉറപ്പെന്ന നിലയില്‍ ഒന്നരലക്ഷത്തിന്റെ ചെക്ക് തരാമെന്നും ദിനേശ് പണിക്കര്‍ അറിയിച്ചിരുന്നു.

ഇതനുസരിച്ച് ചെക്കു നല്‍കുകയും ചെയ്തു. പടം ഇറങ്ങിയെങ്കിലും പൊളിഞ്ഞു. ഇതിനിടെ താന്‍ ചെക്ക് മാറിയെടുക്കാന്‍ പോവുകയാണെന്നു ദിനേശ് പണിക്കരെ വിളിച്ച് ദിലീപ് അറിയിക്കുകയായിരുന്നു. തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും മനസാക്ഷിയുണ്ടെങ്കില്‍ ചെക്ക് കൊടുക്കരുതെന്നും പണിക്കര്‍ അപേക്ഷിച്ചെങ്കിലും ദിലീപ് കേട്ടില്ലെന്നാണ് അഷ്‌റഫ് പറയുന്നത്.

ഒന്നരവര്‍ഷം കഴിഞ്ഞ് ഒരുദിവസം ആലുവയില്‍ നിന്ന് മൂന്ന് അഭിഭാഷകരും പൊലീസും ദിനേശ് പണിക്കരുടെ തിരുവനന്തപുരത്തെ വസതിയിലെത്തി. പിറ്റേന്ന് രണ്ടാം ശനിയാഴ്ചയായതിനാല്‍ വെള്ളിയാഴ്ചത്തെ വരവിന്റെ ഉദ്ദേശ്യം പണിക്കര്‍ക്ക് അപ്പോഴാണ് മനസിലലായതെന്നും അഷ്‌റഫ് പറയുന്നു.

‘ദിലീപ് പറഞ്ഞാല്‍ വിടാമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് മറ്രു നിര്‍മാതാക്കള്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. അഭിഭാഷകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ മറുപടി. അന്ന് മലയാള സിനിമാലോകം കാലുപിടിച്ച് അപേക്ഷിച്ചിട്ടും ദിലീപ് വഴങ്ങിയില്ല. തുടര്‍ന്ന് രാത്രി ഒരു മണിയോടെ ദിനേശ് പണിക്കറെ പറവൂരില്‍ മജിസ്‌ട്രേറ്റിനും മുന്‍പാകെ ഹാജരാക്കി. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം തളര്‍ന്നുവീണിരുന്നു.’ അദ്ദേഹം പറയുന്നു.

ദിലീപ് ക്രൂരനായ തമാശക്കാരനാണെന്നാണ് അന്ന് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു.