കോഴിക്കോട്: മാനേജ്‌മെന്റ് അടച്ചുപൂട്ടിയ കോഴിക്കോട് ആലപ്പാട്ട് ജ്വല്ലറിയിലെ തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. തൊഴിലാളികള്‍ സി.ഐ.ടി.യുവിന് കീഴിലുള്ള കേരള ഷോപ്‌സ് ഏന്റ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി രണ്ടിനാണ് മാനേജ്‌മെന്റ് കോഴിക്കോട് മാവൂര്‍ റോഡിലെ ഷോപ്പ് അടച്ചുപൂട്ടിയത്.

മാനേജ്‌മെന്റ് ഇതുവരെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഷോപ്‌സ് ഏന്റ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്റെ വലിയങ്ങാടി യൂണിറ്റ് പ്രവര്‍ത്തകര്‍ സമര വേദിയിലേക്ക് പ്രകടനം നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അരിയും മറ്റ് ആഹാര സാധനങ്ങളും അവര്‍ സമരക്കാര്‍ക്ക് നല്‍കുകയും ചെയ്തു. സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്ന് സി.ഐ.ടി.യു നേതാക്കള്‍ വ്യക്തമാക്കി.

സി.ഐ.ടിയുവിന്റെ കീഴിലുള്ള മറ്റ് സംഘടനകള്‍ ഏകോപിച്ച് സമര സഹായ സമിതിയുണ്ടാക്കി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതോടെ സമരം കൂടുതല്‍ ശക്തമാകും. ആലപ്പാട്ട് ജ്വല്ലറിയിലെ 18 ഓളം തൊഴിലാളികളാണ് സമരം നടത്തുന്നത്. തൊഴിലാളി യൂണിയന്‍ അംഗങ്ങളായതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി രണ്ടിനാണ് ജ്വല്ലറി അടച്ചുപൂട്ടിയത്. ജീവനക്കാര്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണമെന്നാണ് മാനേജ്‌മെന്റ് ആവശ്യം. യൂണിയന്‍ അംഗങ്ങളായ തൊഴിലാളികളില്‍ മാനേജ്‌മെന്റിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ഇവരെ വെച്ച് ഇനി കട തുറക്കാന്‍ കഴിയില്ലെന്നും അവര്‍ സി.ഐ.ടി.യു നേതാക്കളെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം തുടങ്ങിയത്.

Malayalam news

Kerala news in malayalam