ലണ്ടന്‍:  ബ്രിട്ടനില്‍ ക്രിസ്മസ് സമ്മാനങ്ങളിലും കളിപ്പാട്ടങ്ങളിലും ബോംബ് വയ്ക്കാന്‍ അല്‍ ഖ്വയ്ദ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ക്രിസ്മസിനു ബ്രിട്ടനിലെ കടകളില്‍ എത്തുന്ന കളിപ്പാട്ടങ്ങളില്‍ ബൊംബ് വെയ്ക്കാനാണ് പദ്ധതി. അല്‍ ഖ്വയ്ദയുടെ ബോംബ് നിര്‍മ്മാണ വിദഗ്ദനായ ഇബ്രാഹിം ഹസന്‍ അല്‍ അസിരിയാണ് പുതിയ ആക്രമണ തന്ത്രത്തിനു ചുക്കാന്‍ പിടിയ്ക്കുന്നത്.

ചരക്കുവിമാനങ്ങളില്‍ പാഴ്‌സല്‍ ബോംബുകള്‍ കടത്താനുള്ള അല്‍-ഖ്വയ്ദ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ ആക്രമണ പദ്ധതി. കുടാതെ സ്‌ഫോടകവസ്തുക്കള്‍ ചരക്കു കപ്പല്‍ വഴി കടത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. യെമനിലെ തീവ്രവാദികള്‍ തന്നെയാണ് ഇതിനുപിന്നിലെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.

അറേബ്യന്‍ അല്‍ ഖ്വയ്ദ തീവ്രവാദികളുടെ ടെലിഫോണ്‍  ചോര്‍ത്തിയതില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കടല്‍ മാര്‍ഗം ബ്രിട്ടനിലേക്ക് വന്‍തോതില്‍ കളിപ്പാട്ടങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ അല്‍ ഖ്വയ്ദയുടെ ഗിഫ്റ്റ് ബോംബുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനിടെ അല്‍ ഖ്വയ്ദയുടെ നിയന്ത്രണത്തില്‍ 23 കപ്പലുകളുമുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.