വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ക്വയ്ദ നേതാവ് അതിയ അബ്ദ് അല്‍-റഹ്മാന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വസീറിസ്ഥാന്‍ ഗോത്രമേഖലയില്‍ ഈ മാസം 22 ന് നടത്തിയ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലിബിയന്‍ പൗരനായ അതിയ അബ്ദ് അല്‍-റഹ്മാന്‍ അല്‍-ക്വയ്ദയുടെ പ്രധാന ആക്രമണ ആസൂത്രകരിലൊരാളാണ്. മെയ് മാസത്തില്‍ യു എസ് ആക്രമണത്തില്‍ അല്‍-ക്വയ്ദ തലവന്‍ ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നത് വരെ ഇദ്ദേഹവുമായി അതിയ അബ്ദ് അല്‍-റഹ്മാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് കരുതപ്പെടുന്നത്. റെയ്ഡിനിടയില്‍ പിടിക്കപ്പെട്ട ഇലക്ട്രോണിക് രേഖകളും ഇരുവരും പതിവായി ആശയവിനിമയം നടത്തിയിരുന്നു എന്ന് വെളിവാക്കുന്നുണ്ട്.

ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ 2010 ഒക്ടോബറിലും വസീറിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാല്‍പ്പത്കാരനായ അതിയ അബ്ദ് അല്‍-റഹ്മാന്‍ കൊല്ലപ്പെട്ടതായി പാക്കിസ്താന്‍ അധികൃതര്‍ അറിയിച്ചിരുന്നു.

പുതിയ തലമുറയിലെ നേതാവായി കരുതപ്പെടുന്ന അതിയ അബ്ദ് അല്‍-റഹ്മാന്റെ മരണം അല്‍ ക്വയ്ദക്ക കനത്ത തിരിച്ചടിയാവും. അല്‍- ക്വയ്ദയുടെ പാക്കിസ്താനിലും, യെമനിലും, സോമാലിയയിലും അവശേഷിക്കുന്ന ഇരുപതോളം വരുന്ന മുതിര്‍ന്ന നേതാക്കന്‍മാരെ ഉടന്‍ ഉന്മൂലനം ചെയ്യുമെന്ന് കഴിഞ്ഞ മാസം യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞിരുന്നു.