ദുബായ്: അറബ് രാജ്യങ്ങളില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന് പിന്നില്‍ തങ്ങളുമുണ്ടെന്ന് അല്‍-ഖയിദ. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് അല്‍-ഖയിദ പുറത്തുവിട്ട പുതിയ ടേപ്പുകളിലാണ് ഇക്കാര്യം പറയുന്നത്. അല്‍-ഖയിദയുടെ പുതിയ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ ശബ്ദ സന്ദേശവും ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് ചിത്രീകരിച്ച ഒരു വിഡിയോയുമാണ് ടേപ്പിലുള്ളത്.

‘ആസന്നമായ വിജയത്തിന്റെ അരുണോദയം ‘ എന്നാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോയുടെ പേര്. ജിഹാദി വെബ്‌സൈറ്റുകളിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടതെന്ന് ജിഹാദി പ്രസ്താവനകള്‍ നിരീക്ഷിക്കുന്ന സൈറ്റ് മോണിറ്ററിങ് ഏജന്‍സി അറിയിച്ചു. ഈജിപ്ത്, ട്യൂണീസിയ, ലിബിയ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങള്‍ യഥാര്‍ഥ ഇസ്‌ലാമിനെ അധികാരത്തില്‍ കൊണ്ടുവരുമെന്ന് ശബ്ദസന്ദേശത്തില്‍ അല്‍ സവാഹിരി പ്രത്യാശ പ്രകടിപ്പിച്ചു.