ജറൂസലം: മസ്ജിദുല്‍ അഖ്‌സലിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ പോലീസിന്റെ ആക്രമണം. ഫലസ്തീന്‍ പ്രതിഷേധകരെ പുറത്താക്കാനെന്ന പേരില്‍ ഇസ്രായേല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരച്ചു കയറുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ തന്നെ മസ്ജിദിനു ചുറ്റും നിലയുറപ്പിച്ചിരുന്ന സൈനികര്‍ക്കെതിരെ പ്രതിഷേധകരില്‍നിന്ന് കല്ലേറുണ്ടായി. തുടര്‍ന്ന് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയ സൈന്യം കണ്ണീര്‍വാതകം സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ചതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. പലരെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫലസ്തീന്‍ അതോറിറ്റിയുടെ ഭാഗമായ രണ്ടു പ്രദേശങ്ങള്‍ ഇസ്രായേലിന്റെ പൈതൃക പട്ടികയില്‍പെടുത്താന്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു തീരുമാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയും മസ്ജിദുല്‍ അഖ്‌സ പരിസരത്ത് പ്രതിഷേധക്കാരും സൈന്യവും ഏറ്റുമുട്ടിയിരുന്നു.

1967ല്‍ ഫലസ്തീനില്‍നിന്ന് പിടിച്ചെടുത്ത മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ പിന്നീട് നിര്‍മാണപ്രവര്‍ത്തനവും നടത്തിയിരുന്നു. അടുത്തിടെയായി മസ്ജിദ് പരിസരത്ത് ഇസ്രായേല്‍ ഖനനം നടത്താന്‍ ശ്രമിക്കുന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.