കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികചൂഷണം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ചാണ് താരം മനസു തുറന്നത്.

കുട്ടിക്കാലത്ത് ഞാന്‍ എന്നും അയല്‍വക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് കളിക്കാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ കളിക്കാന്‍ പോകുന്ന വഴി ഒരാള്‍ എന്നോട് മോശമായി പെരുമാറി.

എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. പേടിച്ച ഞാന്‍ ഉറക്കെ കരഞ്ഞ് വീട്ടിലേക്കോടി. പക്ഷെ വീട്ടിലെത്തിയ ഉടനെ എല്ലാ കാര്യങ്ങളും അച്ഛനോട് പറഞ്ഞു. അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീടാണ് അറിയുന്നത് അയാളില്‍ നിന്നും നിരവധി പേര്‍ക്ക് ഇത്തരത്തില്‍ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന്- താരം പറയുന്നു.


Dont Miss ബി.ജെ.പി നേതാക്കള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കമെന്ന് വി.എസ്


ലൈംഗികചൂഷണത്തിന് വിധേയരാകുന്നവര്‍ അത് അടുപ്പമുള്ളവരോട് തുറന്നുപറയാന്‍ തയ്യാറാകണമെന്നും എങ്കില്‍ മാത്രമേ കുറ്റക്കാരെ കണ്ടെത്താനാവൂ എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ധൈര്യം നല്‍കണമെന്നും അക്ഷയ് ആവശ്യപ്പെട്ടു. അതിനുള്ള അവസരം നല്‍കിയില്ലെങ്കില്‍ അവര്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അക്ഷയ് പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ഷയ്കുമാറിന്റെ മകന്‍ ആരവിന് ഒരു സെക്യൂരിറ്റി ഗാര്‍ഡില്‍ നിന്നും സമാനമായ ദുരനുഭവമുണ്ടായിരുന്നു. പിന്നീട് അയാള്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.

മനുഷ്യക്കടത്ത് വിഷയമാക്കി മുംബൈയില്‍ നടന്ന ഒരു അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.