എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായുമായി അക്ഷയ് കുമാര്‍; നല്‍കിയത് രണ്ട് കോടിയോളം രൂപ
എഡിറ്റര്‍
Thursday 16th March 2017 9:48pm

മുംബൈ: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ധനസഹായം. കൊല്ലപ്പെട്ട 12 ജവാന്‍മാരുടെയും ബന്ധുക്കള്‍ക്ക് ഒമ്പത് ലക്ഷം രൂപ വീതമാണ് ആക്ഷന്‍ കില്ലാഡി നല്‍കിയത്. ആകെ 1.8 കോടി രൂപയാണ് ധനസഹായമായി അക്ഷയ് കുമാര്‍ നല്‍കിയത്.

ഛത്തീസ്ഗഢ് സുഖ്മ ജില്ലയില്‍ സിആര്‍പിഎഫ് ജവാന്‍മാരും മാവോയിസ്റ്റുകളും തമ്മില്‍ ശനിയാഴ്ച്ചയുണ്ടായ ഏറ്റുമുട്ടലിലായിരുന്നു 12 അര്‍ധസൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സിആര്‍പിഎഫിന്റെ 219-ാം ബറ്റാലിയനിലെ ജവാന്‍മായിരുന്നു കൊല്ലപ്പെട്ടത്.

ജയ്സാല്‍മീര്‍ നോര്‍ത്ത് സെക്ടര്‍ ഡിഐജി അമിത് ലോധ ഐപിഎസുമായി അക്ഷയ് കുമാര്‍ ബന്ധപ്പെടുകയും തുടര്‍ന്ന് അക്ഷയ് ആവശ്യപ്പെട്ട പ്രകാരം ഡിഐജി കൊല്ലപ്പെട്ട ജവാന്‍മാരുടെ വിലാസം നല്‍കുകയുമായിരുന്നു. പിന്നീടാണ് ജവാന്‍മാരുടെ കുടുംബത്തിന് ഒമ്പതു ലക്ഷം വീതം നല്‍കാന്‍ താന്‍ തയ്യാറെന്ന് അക്ഷയ് കുമാര്‍ അറിയിക്കുന്നത്

അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തിട്ടുണ്ട്. സൈനികരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അക്ഷയ് കുമാര്‍ കൂടെക്കൂടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ലോധ ട്വീറ്റില്‍ കുറിക്കുന്നു.


Also Read: ലിംഗവിവേചനത്തിന്റെ നേര്‍ച്ചിത്രമായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല; ഇന്റര്‍നെറ്റും മൊബൈല്‍ഫോണ്‍ ഉപയോഗവും ആണ്‍കുട്ടികള്‍ക്ക് മാത്രം; പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാനും പെണ്‍കുട്ടികള്‍ക്ക് വിലക്ക്


ഇതാദ്യമല്ല ബോളിവുഡിന്റെ ആക്ഷന്‍ കില്ലാഡി സൈനികര്‍ക്ക് സഹായവുമായി രംഗത്തെത്തുന്നത്. മുന്‍പ് കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ ഗുര്‍മാന്‍ സിംഗിന്റെ കുടുംബത്തിന് അക്ഷയ് ഒമ്പത് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ രക്തസാക്ഷികളായ ജവാന്‍മാരുടെ കുടുംബത്തെ സഹായിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്ന് അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement