ന്യൂദല്‍ഹി: വുമണ്‍സ് വേള്‍ഡ് കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ പതാക തലതിരിച്ച് വീശി പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലായിരുന്നു അക്ഷയ് ദേശീയ പതാക തിലതിരിച്ച് പിടിച്ച് വീശുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു.

ഇതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍ രംഗത്തെത്തിയത്. ദേശീയപതാക തിരിച്ചുപിടിച്ചിരിക്കുക വഴി താന്‍ വലിയ തെറ്റാണ് താന്‍ ചെയ്തതെന്നും മനപൂര്‍വമല്ലാത്ത ആ തെറ്റിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അക്ഷയ് കുറിച്ചത്.

ആരേയും അപകീര്‍ത്തിപ്പെടുത്താനായി ഉദ്ദേശിച്ചല്ല അത് ചെയ്‌തെന്നും ചിത്രം ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തതായും അക്ഷയ് പ്രതികരിച്ചിരുന്നു.

മത്സരം തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യയുടെ സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് ചോദിച്ചുകൊണ്ട് ഒരു വീഡിയോയും അക്ഷയ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ടോയ്‌ലറ്റ് ഏക് പ്രേം കദ എന്ന ചിത്രത്തിന്റെ പ്രൊമോഷനായി ലണ്ടനിലാണ് അക്ഷയ് ഉള്ളത്. ലോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്.