അഹമ്മദാബാദ്: അക്ഷര്‍ധാം ക്ഷേത്ര ആക്രമണ കേസിലെ മുഖ്യസൂത്രധാരരില്‍ ഒരാളെന്ന് കരുതുന്ന അബ്ദുള്‍ റഷീദ് അജ്‌മേരിയെ 15 വര്‍ഷത്തിന് ശേഷം അറസ്റ്റു ചെയ്തു. സംഭവത്തിന് ശേഷം വിദേശത്ത് ഒളിവില്‍ പോയിരുന്ന ഇയാളെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു അറസ്റ്റ് ചെയ്തത്.റിയാദില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാന്‍ ലഷ്‌കറെ തയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. സഹോദരനെ കാണാന്‍ അഹമ്മദാബാദിലേക്ക് അജ്‌മേരി എത്തുന്നതായി വിവരം ലഭിച്ച പൊലീസ് രഹസ്യനീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.


Also Read  വെള്ളപ്പൊക്ക ദുരിതത്തിലും ഇടപെട്ട് കമല്‍ഹാസന്‍; ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനിറങ്ങിയ പൊലീസുകാരെ അഭിനന്ദിച്ച് ഉലകനായകന്‍


2002 സെപ്റ്റംബര്‍ 24നാണ്, പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രസമുച്ചയത്തിലേക്ക് ആക്രമിച്ചുകയറിയ ഭീകരര്‍ 32 പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. രണ്ടു ദേശീയ സുരക്ഷാസേന കമാന്‍ഡോകളും രണ്ടു പൊലീസ് കമാന്‍ഡോകളും ഉള്‍പ്പെടെയാണ് അന്നു കൊല്ലപ്പെട്ടത്. എണ്‍പതിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത നാല് പേര്‍ 10 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയായിരുന്നു. ഇവരില്‍ 2 പേര്‍ക്ക് കീഴ് കോടതി വധശിക്ഷയും വിധിച്ചിരുന്നു.

എന്നാല്‍ കേസില്‍ മനപ്പൂര്‍വ്വം ഇവരെ പ്രതികളാക്കുയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകേടതി 6 പേരെയും മെയ് 16ന് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് നടക്കുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രി പദവി കൂടി വഹിച്ചിരുന്ന നരേന്ദ്ര മോദിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. അശ്രദ്ധമായാണ് കേസില്‍ ആളുകളെ പ്രതി ചേര്‍ത്തതെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയെ സുപ്രീംകോടതി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.