സൂപ്പര്‍താരങ്ങളുടെ ആധിപത്യം മലയാള സിനിമയെ ബാധിച്ചിട്ടില്ലെന്ന് സംവിധായകന്‍ അക്കു അക്ബര്‍. മലയാള സിനിമയിലെ ഇന്നത്തെ യഥാര്‍ത്ഥ പ്രതിസന്ധി കഥമില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ രാമുകാര്യാട്ട് സ്മാരക അവാര്‍ഡ് സ്വീകരിക്കാന്‍ ദോഹയിലെത്തിയ അക്കു അക്ബര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

സൂപ്പര്‍താരങ്ങളെ കുറ്റം പറയുന്നവര്‍ തന്നെ അവരെ വെച്ച് വീണ്ടും വീണ്ടും സിനിമയെടുക്കുന്നു. ഈ താരങ്ങള്‍ മലയാള സിനിമയ്ക്ക് ആവശ്യമാണെന്നു തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വര്‍ഷങ്ങള്‍ നീണ്ട അഭിനയസപര്യയിലൂടെയാണ് അവര്‍ സൂപ്പര്‍താരങ്ങളായി മാറിയത്. നല്ല ആഴമുള്ള പ്രമേയങ്ങള്‍ ലഭിച്ചാല്‍ മാത്രമേ താന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് സിനിമ ചെയ്യൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വേറിട്ട കഥകളില്ലാത്തതാണ് മലയാള സിനിമ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം. ഇതിനെ സിനിമയുടെ നിലവാരതകര്‍ച്ചയായി കാണാനാവില്ല. കഥകള്‍ക്ക് അനുയോജ്യമായ തിരക്കഥകളും രൂപപ്പെടേണ്ടതുണ്ട്. തന്റെ പുതിയ ചിത്രമായ വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ തിരക്കഥ ഒന്നരവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ ദിലീപല്ല, കഥയാണ് യഥാര്‍ത്ഥ നായകന്‍. ഇത്തരം വ്യത്യസ്തവും ജവീതഗന്ധിയുമായ കഥകളാണ് താന്‍ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ കഥ മനുഷ്യത്വമുള്ളതായിരിക്കണം എന്നതാണ് തന്റെ നിലപാട്. അമാനുഷിക കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ല. ജനത്തിന് ഇഷ്ടപ്പെടുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്.

മലയാള സിനിമാലോകത്ത് അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളില്‍ ദു:ഖമുണ്ട്. കലാകാരന്‍മാരെ വിലക്കുന്നതുപോലുള്ള പ്രവണതകള്‍ അംഗീകരിക്കാനാവില്ല. സിനിമയിലെസംഘടനകള്‍ കൊണ്ട് ഗുണവും ദോഷ്യമുണ്ട്. സിനിമയെ സഹായിക്കുകയെന്ന ലക്ഷ്യമായിരിക്കണം സംഘടനകള്‍ക്ക്. അല്ലാതെ പരസ്പരം വടംവലി നടത്തി ശക്തി തെളിയിക്കുകയല്ല വേണ്ടത്.

സംവിധായകനും നായകനും മുതല്‍ തിയേറ്ററില്‍ ടിക്കറ്റ് കീറുന്നവര്‍ വരെ സിനിമയുടെ ഭാഗമാണ്. അതുകൊണ്ട് സിനിമ ഏതെങ്കിലും കുറച്ചാളുകളുടേത് മാത്രമാണെന്ന് പറയാനാവില്ല.

വിഷയത്തിലെ തിരഞ്ഞെടുപ്പും വളരെ ലളിതമായി അത് പ്രേക്ഷകര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞു എന്നതുമാണ് ‘ആദാമിന്റെ മകന്‍ അബു’വിന്റെ വിജയം. മനുഷ്യത്വമുള്ള കഥയുണ്ടെങ്കില്‍ സിനിമ അംഗീകരിക്കപ്പെടുമെന്നതിന് തെളിവാണ് ഈ ചിത്രം.

കഥാപുരോഗതിയെ സഹായിക്കാത്ത പാട്ടുകള്‍ എപ്പോഴും സിനിമയുടെ ഒഴുക്കിന് തടസ്സമാണ്. കഥാസന്ദര്‍ഭത്തിന് അനുയോജ്യമാകുന്ന വിധത്തില്‍  മാത്രമേ തന്റെ സിനിമകളില്‍ പാട്ട് ഉള്‍പ്പെടുത്താറുള്ളൂ. മലയാള സിനിമയില്‍ മാറ്റം എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളുടെയും അണിയറപ്രവര്‍ത്തകര്‍ യുവാക്കളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News In English