തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വൃക്ഷത്തൈ നടാന്‍ വിലക്ക്. പാലോട് വനഭൂമിയിലാണ് സംഭവം. അക്കേഷ്യ നടാനൊരുങ്ങിയ വനഭൂമിയില്‍ മറ്റ് തൈകള്‍ നട്ടതിനാണ് വനപാലകരുടെ ഭീഷണി.

പത്തില്‍ താഴെ വരുന്ന വൃക്ഷത്തൈ നട്ടതിനാണ് വനപാലകര്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയത്. തൈ നടുകയാണെങ്കില്‍ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് കുട്ടികളുടെ മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.


Dont Miss കെ.എസ്.ആര്‍.ടി.സിയുടെ രക്ഷകനാകാന്‍ ശരദ് പവാര്‍ വരുന്നു; മഹാരാഷ്ട്രയിലെ ബാങ്കുകളില്‍നിന്നും 1600 കോടി വായ്പ ലഭ്യമാക്കും 


അതേസമയം കുട്ടികള്‍ക്ക് നല്‍കിയ തൈകള്‍ വനഭൂമിയിലല്ല നടേണ്ടതെന്നും വനത്തില്‍ തൈ നടാനുള്ള അവകാശം വനംവകുപ്പിന് മാത്രമാണെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു.

അതേസമയം അക്കേഷ്യവിരുദ്ധ സമരത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഇതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പാലോട് വനഭൂമിയില്‍ അക്കേഷ്യ മരങ്ങള്‍ നടുന്നതിനായ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥികള്‍ മറ്റു തൈകള്‍ ഇവിടെ നടാനൊരുങ്ങിയത്.

ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ മരം നടുകയില്ലെന്ന് കെ.രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യവസായ കരാര്‍ ഉള്ളതിനാല്‍ അക്കേഷ്യ നടന്നതു പൂര്‍ണമായി നിര്‍ത്താന്‍ സാധിക്കില്ലെന്നും എങ്കിലും ഘട്ടംഘട്ടമായി അക്കേഷ്യ മരങ്ങള്‍ നടുന്നത് നിര്‍ത്തി ഫലവൃഷങ്ങള്‍ നടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശിച്ചിരുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.