പാലക്കാട് : താന്‍ ഹിന്ദുത്വ സംഘടനകള്‍ക്കൊപ്പം നില കൊള്ളുന്നുവെന്ന് വിമര്‍ശിച്ച സാഹിത്യകാരന്‍ പി. സക്കറിയ മറുപടി അര്‍ഹിക്കുന്നില്ലെന്ന് മഹാ കവി അക്കിത്തം പറഞ്ഞു. ആളുകള്‍ എന്താണ് തന്നെ കുറിച്ച് പറയുന്നത് എന്ന് താന്‍ ശ്രദ്ധിക്കാറില്ല. അത്തരം കാര്യങ്ങളൊന്നും തന്റെ വിഷയമല്ല. അക്കാര്യത്തില്‍ ആരോടും ആക്ഷേപവുമില്ല. മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വീഡിയോ വെബ്‌സൈററ്റ് യുവോഗ്. കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെയും തന്റെ നിലപാടിനെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് സന്തോഷമേയുള്ളൂ തനിക്കുള്ളൂവെന്നും അക്കിത്തം വ്യക്തമാക്കി. സക്കറിയ തന്നെ വിമര്‍ശിച്ചത് പലരും തന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും അക്കിത്തം പറഞ്ഞു.

ഭാരതീയതയും ഹിന്ദുത്വവും തമ്മില്‍ വലിയ വ്യത്യാസമില്ല. സംഘപരിവാറിന്റെ സാംസ്‌കാരിക സംഘടനയായ തപസ്യയുമായി 1984 മുതല്‍ തനിക്ക് ബന്ധമുണ്ട്. താപസികളാണ് ഈ രാജ്യം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റുകളായ ഹിന്ദുത്വവാദികള്‍ക്കൊപ്പം നില കൊള്ളുന്ന അക്കിത്തം വിമര്‍ശിക്കപ്പെടണമെന്നാണ് സക്കറിയ പറഞ്ഞത്. അക്കിത്തത്തെ സാംസ്‌കാരിക ലോകം ആദരിക്കുന്നതിനെയും സക്കറിയ വിമര്‍ശിച്ചിരുന്നു.