കാണ്‍പൂര്‍: ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ട് ബാറ്റിംഗ് പ്രതിഭകളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും രാഹുല്‍ ദ്രാവിഡിനുമെതിരെ വിവാദ പരാമര്‍ശം നടത്തിയ പാക്കിസ്താന്‍ മുന്‍ പേസ് ബൗളര്‍ ഷുഹൈബ് അക്തറിനെതിരെ ബി.സി.സി.ഐയും രംഗത്ത്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇരുവരോടും മാപ്പ് പറയാന്‍ അക്തര്‍ തയ്യാറാകണമെന്ന് ബി.സി.സി.ഐയുടെ മുതിര്‍ന്ന വക്താവും ഐ.പി.എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല ആവശ്യപ്പെട്ടു.

പുതുതായി പുറത്തിറങ്ങിയ ‘കോണ്‍ട്രവേര്‍ഷ്യല്‍ യുവേര്‍സ്’ എന്ന ആത്മകഥയിലാണ് അക്തര്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.  സച്ചിന്‍ പേസിനെ ഭയന്നിരുന്നെന്നും സച്ചിനും രാഹുല്‍ ദ്രാവിഡിനും ടീമിനെ വിജയിപ്പിക്കാനുള്ള കഴിവില്ലെന്നുമായിരുന്നു അക്തറിന്റെ വിമര്‍ശനം.

സച്ചിന് അക്തറിന്റെ സര്‍ട്ടിഫിക്കറ്റിന്റ് ആവശ്യമില്ലെന്നും അദ്ദേത്തിന്റെ പ്രതിഭയെ ക്രിക്കറ്റ് ഇതിഹാസമായ ഡൊണാള്‍ഡ് ബ്രാഡമാന്‍ അടക്കമുള്ളവര്‍ അംഗീകരിച്ചതാണെന്നും ശുക്ല പറഞ്ഞു.

‘ക്രിക്കറ്റില്‍ സച്ചിന്‍ ഇപ്പോഴും പുതിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. ദ്രാവിഡിന്റെ കാര്യത്തിലാണെങ്കില്‍ ആ ബാറ്റില്‍ നിന്നും മികച്ച ഇന്നിംഗ്‌സുകള്‍ വന്ന് കൊണ്ടേയിരിക്കുകയാണ്. ഒട്ടും രസിക്കാത്ത കാര്യങ്ങളാണ് അക്തര്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാനില്‍ നിന്ന് കിട്ടിയ സര്‍ട്ടിഫിക്കറ്റിനപ്പുറമൊന്നും സച്ചിന് അക്തറില്‍ നിന്ന് ലഭിക്കേണ്ട ആവശ്യമില്ല. അക്തറിന്് മുന്നില്‍ എന്തെങ്കിലും തെളിയിക്കേണ്ടതിന്റെ ആവശ്യകതയും സച്ചിനില്ല. തന്റെ പരാമര്‍ശത്തിന്റെ പേരില്‍ സച്ചിനോടും ദ്രാവിഡിനേടും മാപ്പ് പറയാന്‍ അക്തര്‍ തയ്യാറാവണം’. ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.