റായ്ബറേലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദമാകുന്നു. ഗുജറാത്തിലെ കഴുതകള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങരുതെന്നുള്ള അഖിലേഷിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. റായ്ബറേലിയില്‍ പ്രചാരണം നടത്തവെ ബോളിവുഡ് താരമായ അമിതാഭ് ബച്ചനോടായിരുന്നു അഖിലേഷിന്റെ വാക്കുകള്‍.

മഹാനായ നടനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് കഴുതകള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്നാണ്. ആരെങ്കിലും കഴുതകള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നു എന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ? ഗുജറാത്തിലുള്ളവര്‍ കഴുതകള്‍ക്കായാണ് പ്രചാരണം നടത്തുന്നത്. അമിതാഭ് ബച്ചനും കഴുതകളുമുള്ള ഗുജറാത്തിന്റെ ടൂറിസം വകുപ്പിന്റെ പരസ്യത്തെയായിരുന്നു അഖിലേഷ് പരാമര്‍ശിച്ചത്.

കഴുതകള്‍ക്കുവേണ്ടി പ്രചരണം നടത്തുന്നവരാണ് താന്‍ ശ്മശാനത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഖിലേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. പ്രസ്താവന ഗുജറാത്തിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നാണ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശ് കൈവിടുമെന്ന ഭയമാണ് അഖിലേഷിനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്നും നായിഡു പറഞ്ഞു. വിജയിക്കുമെന്ന് ആത്മവിശ്വാസമില്ലാത്തതിന്റെ തെളിവാണ് കോണ്‍ഗ്രസുമായുള്ള സഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.