എഡിറ്റര്‍
എഡിറ്റര്‍
അഖിലേഷ് യാദവ്, ഞങ്ങളുടെ ദുഃഖവും നഷ്ടവും താങ്കളുടെ ധാരണയ്ക്ക് അപ്പുറമാണ്; വീരമൃത്യവരിച്ച ഗുജറാത്തില്‍ നിന്നുള്ള സൈനികരുടെ ബന്ധുക്കള്‍ പറയുന്നു
എഡിറ്റര്‍
Thursday 11th May 2017 12:51pm

പാറ്റ്‌ന: ഗുജറാത്തില്‍ നിന്നുള്ള ഏതെങ്കിലും ജവാന്‍ രക്തസാക്ഷിയായിട്ടുണ്ടോയെന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രാജ്യത്തിന് വേണ്ടി വീരമൃത്യവരിച്ച ഗുജറാത്തില്‍ നിന്നുള്ള സൈനികരുടെ ബന്ധുക്കള്‍ രംഗത്ത്.

‘അഖിലേഷ് യാദവിന്റെ പ്രസ്താവന തങ്ങളുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. വീരമൃത്യുവരിക്കുന്ന ഓരോ ജവാന്മാരും ഏത് സംസ്ഥാനത്ത് നിന്നാണെന്ന് ആരും നോക്കാറില്ല. അവര്‍ എവിടെ നിന്ന് വന്നവരായാലും അവര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരാണ്. അവരുടെ നഷ്ടം സംസ്ഥാനത്തിന്റെ നഷ്ടം മാത്രമല്ല ഒരു രാജ്യത്തിന്റെ നഷ്ടമാണ്’ -1999 ലെ കാര്‍ഗില്‍ യുദ്ധസമയത്ത് വീരമൃത്യുവരിച്ച ഗുജറാത്ത് സ്വദേശിയായ മുകേഷ് റാത്തോഡിന്റെ വിധവ രാജശ്രീ പറയുന്നു. രാജശ്രീ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് മുകേഷ് യുദ്ധത്തില്‍ കൊല്ലപ്പെടുന്നത്. ഇപ്പോള്‍ മകന്‍ മുരുകേഷിന് 17 വയസായി.


Dont Miss അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയ്ക്ക് ഇരട്ടത്താപ്പ് ; മുന്‍ ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് 


തന്റെ മകനൊപ്പം അന്ന് രാജ്യത്തിന് വേണ്ടി വീരമൃത്യവരിച്ച 13 ജവാന്‍മാര്‍ ഗുജറാത്തില്‍ മാത്രമുണ്ടെന്ന് മുകേഷിന്റെ അമ്മ സാംജുബന്‍ റാത്തോഡ് പറയുന്നു. ഒരു മകനെ മാത്രമല്ല ഞങ്ങള്‍ക്ക് നഷ്ടമായത് അച്ഛനെ, സഹോദരനെ, ഭര്‍ത്താവിനെ എല്ലാമാണ്. ഞങ്ങളുടെ ദുഃഖവും നഷ്ടവും അഖിലേഷിനെ പോലുള്ള രാഷ്ട്രീയക്കാരന്റെ ധാരണയ്ക്ക് അപ്പുറമാണെന്നും അമ്മ പറയുന്നു.

രക്തസാക്ഷികള്‍ ഇപ്പോഴും സംസ്ഥാനത്തിന്റെ പേരിരില്‍ വേര്‍തിരിക്കപ്പെടുന്നതില്‍ ദു:ഖമുണ്ടെന്ന് 1987 ല്‍ സിയാച്ചിനില്‍ പാക് സൈനികരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ നിലേഷ് സോണിയുടെ സഹോദരന്‍ ജഗദീഷ് സോണി പറയുന്നു. അഖിലേഷ് യാദവിന് ഗുജറാത്തിനെ പറ്റി അറിയില്ലന്ന് തോന്നുന്നു. അറിയാമായിരുന്നില്ലെങ്കില്‍ ഇത്രയും ബാലിശമായ പ്രസ്താവന നടത്തില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.

അഖിലേഷ് യാദവിന് വേണമെങ്കില്‍ ഗുജറാത്തില്‍ നിന്നും വീരമൃത്യു വരിച്ച ജവാന്മാരുടെ പേര് തരാം. അതില്‍ മകനെ നഷ്ടപ്പെട്ടവരുണ്ട്, സഹോദരനെ നഷ്ടപ്പെട്ടവരുണ്ട്, അച്ഛനെ നഷ്ടമായവരുണ്ട്, ഭര്‍ത്താവിനെ നഷ്ടപ്പെട്ടവരുണ്ട്, അങ്ങനെ നിരവധി പേരെ ഞങ്ങള്‍ക്ക് അറിയാം. ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുന്‍പ് അഖിലേഷ് യാദവ് ്അതിനെ കുറിച്ച് അന്വേഷിക്കേണ്ടിയിരുന്നു. വീരമൃത്യുവരിച്ച രുഷികേഷ് രമണിയുടെ അമ്മ ഗീതാ രമണി പറയുന്നു.

Advertisement