ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയെ നയിച്ച അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയാവും. മാര്‍ച്ച് 15ന് അഖിലേഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ചേര്‍ന്ന നിര്‍ണായക പാര്‍ട്ടി യോഗത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസാം ഖാനാണ് അഖിലേഷിന്റെ പേര് നിര്‍ദേശിച്ചത്. എസ്.പിയുടെ നിയമസഭാ ബോര്‍ഡ് മീറ്റിംഗില്‍ പാര്‍ട്ടി അംഗങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.

മുലായാം സിംഗ് യാദവ്് അഖിലേഷിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ തന്നെ നേതൃസ്ഥാനത്തിരുന്നാല്‍ മതിയെന്നായിരുന്നു അഖിലേഷിന്റെ തീരുമാനം.

38കാരനായ അഖിലേഷ് യു.പിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാണ്. എസ്.പി സംസ്ഥാന അധ്യക്ഷനായ അഖിലേഷ് യാദവായിരുന്നു ഇത്തവണ യു.പി തിരഞ്ഞെടുപ്പിലെ താരം. 2000ല്‍ മുലായത്തിന്റെ മണ്ഡലമായ കാനോജിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അഖിലേഷ് കാലെടുത്തുവെച്ചത്. 2004ലും 2009ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു.

ധോല്‍പുര്‍ സൈനിക സ്‌കൂളിലാണ് അഖിലേഷ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മൈസൂര്‍ സര്‍വകലാശാലയിലെ ജയചാമരാജേന്ദ്ര കോളേജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടി.

Malayalam news

Kerala news in English