ന്യൂദല്‍ഹി: ഇന്ത്യന്‍ ബോക്‌സര്‍മാരായ സുരന്‍ജോയ് സിംഗും അഖില്‍ കുമാറും അസര്‍ബെജാനില്‍ നടക്കുന്ന ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. 52കിലോഗ്രാം വിഭാഗത്തില്‍ ഹംഗറിയുടെ ഡോര്‍ബഡി സോല്‍ട്ടിനെതിരെ 24-8 നായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് കൂടിയായ സുരന്‍ജോയ് സിംഗിന്റെ വിജയം.

തുടക്കം മുതല്‍ക്കേ മികച്ച പ്രകടനമാണ് സുരന്‍ജോയ് പുറത്തെടുത്തത്. ആദ്യ റൗണ്ടില്‍ 6-4ന്റ ലീഡ് നേടിയ ഇന്ത്യന്‍ താരം രണ്ടാം റൗണ്ടില്‍ പതിനൊന്ന് പോയന്റ്ാണ് നേടിയത്. മൂന്നാം റൗണ്ടില്‍ ഏഴ് പോയന്റുകള്‍ കൂടി സ്വന്തമാക്കി മണിപ്പൂരി ബോക്‌സര്‍ രണ്ടാം റൗണ്ടില്‍ കടന്നു.  ഒന്‍പതാം സീഡായ മംഗോളിയന്‍ താരം ന്യാംബയാര്‍ ടുഗ്‌സ്‌റ്റോട്ടാണ് രണ്ടാം റൗണ്ടില്‍ സുരന്‍ജോയയുടെ എതിരാളി.

52 കിലോഗ്രാം വിഭാഗത്തില്‍ കഴിഞ്ഞ തവണത്തെ വെള്ളിമെഡല്‍ ജേതാവാണ് ടുഗ്‌സ്‌റ്റോട്ട്. ടുഗ്‌സ്‌റ്റോട്ടിനെ തോല്‍പ്പിച്ച മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ ഇന്ത്യന്‍ ബോക്‌സര്‍ക്ക് കഴിഞ്ഞാല്‍ അതൊരു മധുര പ്രതികാരം കൂടിയാവും. കാരണം കഴിഞ്ഞ തവണ ചാംപ്യന്‍ഷിപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ വെറും ഒരു പോയന്റിന് മംഗോളിയന്‍ താരത്തിനോട തോല്‍വി വഴങ്ങിയാണ് തോറ്റാണ് സുരന്‍ജീയ് പുറത്തായത്.

56 കിലോഗ്രാം വിഭാഗത്തില്‍ സ്‌ളോവോക്യയുടെ ഫിലിപ്പ് ബറാക്കിനെതിരെ 16-8നായിരുന്നു മുന്‍ കോമണ്‍വെല്‍ത്ത ഗെയിംസ് ചാംപ്യനും ബീജിംഗ് ഒളിപിംക്‌സ് ക്വാര്‍ട്ടര്‍ഫൈനലിസ്റ്റുമായ അഖിലിന്റെ വിജയം. ചാംപ്യന്‍ഷിപ്പിലെ നാലാം സീഡും കഴിഞ്ഞ തവണത്തെ വെങ്കലമെഡല്‍ ജേതാവുമായ അയര്‍ലണ്ടിന്റെ ജോണ്‍ നെവിനുമായാണ് അഖിലിന്റെ അടുത്ത മത്സരം.