തിരുവനന്തപുരം:90 കളില്‍ പുറത്തിറങ്ങിയ ആകാശദൂതിന് രണ്ടാംഭാഗം വരുന്നു. സിനിമയുടെ ചരിത്രംമാറ്റിക്കുറിച്ചുകൊണ്ട് ആകാശദൂത് വീണ്ടും പ്രേക്ഷകര്‍ക്കുമുന്നിലെക്കത്തുന്നത് മിനിസ്‌ക്രീനിലൂടെയാണ്.

1993 ല്‍ പുറത്തിറങ്ങിയ ആകാശദൂതില്‍ അപ്പനെയും അമ്മയെയും നഷ്ടപ്പെടുന്ന കുരുന്നുകളുടെ കഥയാണ്. മരിക്കുന്നതിനുമുമ്പ് നാലു കുട്ടികളെയും ദത്തുനല്‍കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.
ഇവര്‍ക്ക് പിന്നീടെന്തു സംഭവിച്ചു എന്നുള്ള അന്വേഷണത്തിലൂടെയാണ് സീരിയല്‍ പുരോഗമിക്കുന്നത്.

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സിബി മലയില്‍ ഒരുക്കിയ ആകാശദൂതിന്റെ രണ്ടാംഭാഗത്തിന് തൂലിക ചലിപ്പിക്കുന്നത് സന്തോഷ് എച്ചിക്കാനമാണ്. കുട്ടിക്കാലത്തെ ഓര്‍മകളൊന്നും ഇല്ലാതെ,ദത്തെടുക്കപ്പെട്ട വീട്ടില്‍ കഴിയുന്ന മോനുവെന്ന ഇളയമകന്റെ ജീവിതത്തില്‍നിന്നാണ് കഥ തുടങ്ങുന്നത്.

രജപുത്ര വിഷ്വല്‍ മീഡിയായുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മിട്ടച്ച് ആദിത്യന്‍ സംവിധാനംചെയ്യുന്ന ഈ സീരിയലില്‍ മീനുവായി ചിപ്പി അഭിനയിക്കും. സൂര്യാ ടിവിയിലൂടെയാണ് ആകാശദൂതിന്റെ രണ്ടാംഭാഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.