varun-ramesതിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2010ലെ ബാലസാഹിത്യ പുരസ്‌കാരത്തിന് യുവ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ വരുണിനെ തിരഞ്ഞെടുത്തു. ശാസ്ത്ര വിഭാഗത്തില്‍ എ.കെ.വരുണ്‍ രചിച്ച ‘പ്രകൃതിയാത്ര’ യാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഒന്‍പത് വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇ. സന്തോഷ്‌കുമാര്‍ രചിച്ച ‘കാക്കരദേശത്തെ ഉറുമ്പുകള്‍’ക്കാണ് കഥ/നോവല്‍ വിഭാഗത്തിലെ പുരസ്‌കാരം. ഡി. വിനയചന്ദ്രന്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ച ‘കാക്കക്കുറുമ്പ്’ കവിതാവിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായി.ഡോ. എന്‍.വി.പി. ഉണിത്തിരി കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്ത ‘രാമായണം’ പുനരാഖ്യാന / വിവര്‍ത്തന വിഭാഗത്തിലും ടി. ഗംഗാധരന്‍ രചിച്ച ‘വരൂ, ഇന്ത്യയെ കാണാം’ എന്ന കൃതി വൈജ്ഞാനിക വിഭാഗത്തിലും പുരസ്‌കാരം നേടി.

എന്‍.പി. ഹാഫിസ് മുഹമ്മദിന് മികച്ച ജീവചരിത്ര പുസ്തകത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ‘മുഹമ്മദ് അബ്ദുറഹിമാന്‍’ എന്ന പുസ്തകമാണ് ഹാഫിസ് മുഹമ്മദിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഡോ. ജി. ഗംഗാധരന്‍ നായര്‍ രചിച്ച ‘ത്രിമധുരം’ എന്ന മൂന്ന് ലഘുനാടകങ്ങളുടെ സമാഹാരം നാടകവിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ടി.ആര്‍. രാജേഷിന്റെ ‘തലേംകുത്തി’ ചിത്രപുസ്തക വിഭാഗത്തിലെ പുരസ്‌കാരത്തിന് അര്‍ഹമായപ്പോള്‍ പുസ്തകഡിസൈന് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ‘കളിക്കാം പഠിക്കാം’ എന്ന പുസ്തകത്തിലൂടെ ടി.കെ.വെങ്കിടാചലത്തിന് (വെങ്കി) ലഭിച്ചു.

മെയ് 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ മന്ത്രി എം.എ. ബേബി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഫ്രീപ്രസ് മാസികയുടെ മലബാര്‍ മേഖല റിപ്പോര്‍ട്ടറായിരുന്ന എ.കെ വരുണ്‍ കേരള വാച്ച് ന്യൂസ് പോര്‍ട്ടല്‍ സബ്എഡിറ്റര്‍, ഡൂള്‍ ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ സീനിയര്‍ വെബ് എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ്.

ശശി തരൂര്‍ ചട്ടവിരുദ്ധമായി വോട്ടര്‍ പട്ടികയില്‍ ഇടംനേടിയതും സ്‌പെക്ട്രം അഴിമതിക്കേസില്‍ മന്‍മോഹനും എ രാജയും തമ്മില്‍ നടത്തിയ കത്തിടപാടുകളും പുറത്ത് കൊണ്ട് വന്നത് എ.കെ വരുണായിരുന്നു.