തിരുവനന്തപുരം: ലൈംഗികചുവയുളള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവെച്ച ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തത്കാലം അന്വേഷണം നടക്കെട്ട. അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തയാണ് രാജിക്കിടയാക്കിയത്. പാര്‍ട്ടിക്ക് മറ്റൊരു മന്ത്രിസ്ഥാനം എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

രാജിവെച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കാനാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നിരപരാധിത്വം തെളിയിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും തിരിച്ചുവരുന്നതിനെ കുറിച്ചോ മന്ത്രിസ്ഥാനത്തെയോ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സ്ഥാനത്ത് എത്തിയപ്പോള്‍ പോലും അതിനൊരു പ്രത്യേകതയുളളതായിട്ട് തോന്നിയിട്ടില്ല. ഏത് തരത്തിലുളള അന്വേഷണമാണ് ഉണ്ടാകുന്നതെന്ന് അറിയില്ല. അത് മുഖ്യമന്ത്രിയും മറ്റുളളവരും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്.


Dont Miss ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; ഗതാഗതം മുഖ്യമന്ത്രി ഏറ്റെടുത്തു; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും 


ഏത് അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിട്ടില്ല. അദ്ദേഹം ഉടന്‍ തന്നെ അന്വേഷണത്തിനുളള ഉത്തരവിടുമെന്ന് കരുതുന്നു. ഇപ്പോള്‍ ഇങ്ങനെ ഒന്നുണ്ടായി. ആ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് താനിരിക്കുന്നത് ഉചിതമല്ല എന്ന് അറിയാവുന്നത് കൊണ്ടാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ശശീന്ദ്രന്റെതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

മന്ത്രിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത് വന്നെങ്കിലും പരാതിയുമായി ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ലാത്തതിനാല്‍ ഒരന്വേഷണം നടത്താന്‍ പൊലീസിന് കഴിയില്ല.

അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എന്‍.സി.പിയുടെ എല്ലാ പിന്തുണയും ശശീന്ദ്രനുണ്ടെന്നും അദ്ദേഹം പറഞ്ഞു.