എഡിറ്റര്‍
എഡിറ്റര്‍
യെസ്, യുവര്‍ ഓണര്‍!
എഡിറ്റര്‍
Thursday 29th November 2012 1:00pm

കസബിനെപ്പോലെ ചില്ലറക്കാരനല്ല, അമ്മയും പെങ്ങളുമുള്ള വക്കീലാണ്. ഭാര്യ കാലങ്ങളായി വീല്‍ചെയറിലാണ്. അത്തരമൊരവസ്ഥയില്‍ എങ്ങനെയാണ് ഇങ്ങനെയൊരാളെ അങ്ങനെ ശിക്ഷിക്കുക? തൂക്കാനുള്ള വകുപ്പൊന്നുമില്ല . 6 മാസത്തെ ജയില്‍ വാസത്തിനുള്ള കയ്യിലിരിപ്പേ വക്കീല്‍ വശമുള്ളൂ


സ്ലോ ഗണ്‍ / എ.കെ രമേശ്
കസബിനെ തൂക്കിക്കൊന്ന് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ സ്വന്തം ശക്തി തെളിയിച്ച അതേ ദിവസമാണ് നമ്മുടെ പരമോന്നത നീതിപീഠം വേറൊരു കാര്യത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കുന്നത് !

Ads By Google

വാഹനാപകടക്കേസ്സില്‍ സാക്ഷിയെ കള്ളമൊഴി നല്‍കാന്‍ പ്രേരിപ്പിച്ച വക്കീലിനെതിരെയാണ് കേസ്. കോടതിയലക്ഷ്യമാണ് വകുപ്പ്. പ്രതി വക്കീല്‍. പ്രായം 69. പേര് ആര്‍.കെ ആനന്ദ്.

കസബിനെപ്പോലെ ചില്ലറക്കാരനല്ല, അമ്മയും പെങ്ങളുമുള്ള വക്കീലാണ്. ഭാര്യ കാലങ്ങളായി വീല്‍ചെയറിലാണ്. അത്തരമൊരവസ്ഥയില്‍ എങ്ങനെയാണ് ഇങ്ങനെയൊരാളെ അങ്ങനെ ശിക്ഷിക്കുക? തൂക്കാനുള്ള വകുപ്പൊന്നുമില്ല . 6 മാസത്തെ ജയില്‍ വാസത്തിനുള്ള കയ്യിലിരിപ്പേ വക്കീല്‍ വശമുള്ളൂ.

ഏതു ജനതക്കെതിരെ താന്‍ വെടിയുതിര്‍ത്തോ, അതേ ജനതയുടെ പ്രഥമ പൗരനോട് തന്നെ തൂക്കിലേറ്റാതെ വിടണമെന്ന് പറഞ്ഞ കസബിനെപ്പോലെ ഔചിത്യദീക്ഷയില്ലാതെ പെരുമാറാനൊന്നും നമ്മുടെ വക്കീലിനെ കിട്ടില്ല.

ഏതു കോടതിയിലാണോ താന്‍ വാദിച്ചു ജയിച്ച പടവുകള്‍ കയറിപ്പോയത്, ആ കോടതിയില്‍ ഇനി മേല്‍ ഒരറ്റക്കക്ഷിക്കു വേണ്ടിയും വാദിക്കാനെത്തില്ല എന്നു മാത്രമല്ല, ജയില്‍ ശിക്ഷക്കു പകരം തത്തുല്യമായ (അതിനും തുല്യതയുണ്ടേ!) കാശെത്രയാണെന്ന് കോടതി കല്‍പ്പിച്ചുവോ, അത്രയും തുക ഒറ്റയടിക്ക് കെട്ടിവെയ്ക്കാന്‍  തയ്യാറാണെന്നും കക്ഷി നേരിട്ടു ബോധിപ്പിച്ചു.

ക്രിമിനല്‍ നീതി നിര്‍വ്വഹണ നടത്തിപ്പിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന ഒരു നടപടിയാണ് വക്കീല്‍ നിര്‍വ്വഹിച്ചതെന്ന കാര്യം ഒന്നുകൂടി അമര്‍ത്തിപ്പറഞ്ഞു കൊണ്ടാണ് സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ജി.എസ്.സിങ്ങ്‌വി, അഫ്താബ് ആലം, സി.കെ. പ്രസാദ് എന്നിവര്‍ പ്രതിയുടെ പ്രായാധിക്യവും (69 വയസ്സായി വക്കീലിന്. 65 കഴിഞ്ഞ വക്കീല്‍ കിളവനാണല്ലോ!) കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി വക്കീല്‍ പ്രതിയായി കോടതിയില്‍ നിരങ്ങുന്ന കാര്യവും പരിഗണിച്ചാണത്ര ആറുമാസത്തെ തടവിനു പകരം 21 ലക്ഷം സംഭാവന എന്ന വിധി നടപ്പാക്കാന്‍ തീരുമാനിച്ചത്.

പ്രസ്തുത തുക ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കൈമാറാന്‍ വക്കീല്‍ തയ്യാറായതോടെ ഇളവാക്കി കിട്ടിയത് ആറു മാസത്തടവ് !
പണത്തിന് മേല്‍ പരുന്ത് മാത്രമല്ല കോടതിയും പറക്കില്ലെന്ന് കുട്ടികള്‍ക്ക് ഇനി ശരിക്കും കോപ്പിയെഴുത്ത് നടത്താം.

തൊഴില്‍ സദാചാരത്തിന് നിരക്കാത്ത പണി ചെയ്ത് വക്കീലിന് ഇങ്ങനെ ഇളവനുവദിക്കാമെങ്കില്‍, യുവര്‍ ഓണര്‍, വൈനോട്ട് ഫോര്‍ ഡോക്‌ടേഴ്‌സ് ആള്‍സോ ?

Advertisement