എഡിറ്റര്‍
എഡിറ്റര്‍
മൃഗങ്ങളോടുള്ള ക്രൂരതയാണ് അവസാനിപ്പിക്കുന്നത്
എഡിറ്റര്‍
Saturday 27th May 2017 3:55pm

ഇനിയൊരൊറ്റ ലേബറാപ്പീസറും ഒരു മുതലാളിയുടെയും ഒരു ഫാക്ടറിയിലും കയറി പരിശോധിക്കരുത്. അവിടെ കക്കൂസുണ്ടോ ശുചിമുറികളുണ്ടോ മറ്റു സൗകര്യങ്ങളുണ്ടോ എന്ന പരിശോധന പാടില്ല. തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, അപകട സാദ്ധ്യത ഇതൊന്നും വെറുതെ കയറി പരിശോധിച്ച് ഉടമകള്‍ക്ക് അലോസരമുണ്ടാക്കരുത് എന്നു തന്നെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്.


 

2017 മെയ് 23 ന് പുറത്തിറക്കിയ എക്‌സ്ട്രാ ഓര്‍ഡിനറി ഗസറ്റ് നോട്ടിഫിക്കേഷന്‍ മുഴുവന്‍ വായിക്കാതെയാണ് മറ്റുള്ളവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് എന്നാണ് സംഘപരിവാര്‍ വക്താക്കള്‍ ആക്ഷേപിക്കുന്നത്.

1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമമനുസരിച്ച് 2017 ജനവരി 16ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം ഇക്കാര്യത്തില്‍ പൊതു ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു മാസത്തിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ടതാണ് എന്നത് നേരാണ്.

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന അസാധാരണ ഗസറ്റ് വിജ്ഞാപനം അതിനു ശേഷമാണ് പുറത്തിറക്കുന്നത്.

ഇന്ത്യയിലെ മൃഗച്ചന്തകള്‍ പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള അധികാര കേന്ദ്രമായി ഡിസ്ട്രിക്റ്റ് ഏനിമല്‍ മാര്‍ക്കറ്റ് മോണിറ്ററിങ് കമ്മിറ്റി എന്നൊരു സംവിധാനമുണ്ടാക്കിയിട്ടുണ്ട് ഉത്തരവില്‍. കാലിച്ചന്തയില്‍ മൃഗങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ട ചുമതല ഈ കമ്മിറ്റിക്കാണ്.

ജില്ലാ കലക്ടര്‍ ചെയര്‍മാനായി ചീഫ് വെറ്റിനറി ഓഫീസര്‍, ഡി.എഫ്.ഒ പൊലീസ് സൂപ്രണ്ട്, എസ്.പി.സി.എ പ്രതിനിധി, മൃഗ ക്ഷേമ സംഘടനകളുടെ 2 പ്രതിനിധികള്‍, എന്നിവരടങ്ങുന്ന ഒരുന്നതാധികാര സമിതിയാണ് മൃഗങ്ങളുടെ കച്ചവട കാര്യത്തിലുള്ള മോണിറ്ററിങ്ങ് കമ്മിറ്റി.

ജില്ലകളിലെല്ലാം രൂപവല്‍ക്കരിക്കേണ്ട ആനിമല്‍ മാര്‍ക്കറ്റിങ്ങ് കമ്മിറ്റികളുടെ ചെയര്‍മാന്‍ തദ്ദേശ സ്ഥാപനത്തിന്റെ ചെയര്‍മാനായിരിക്കും. അവിടത്തെ ചീഫ് മുനിസിപല്‍ ഓഫീസര്‍/ ചീഫ് ഓഫീസറായിരിക്കും മെംബര്‍ സെക്രട്ടറി. സ്ഥലം തഹസില്‍ദാര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍.

വെറ്റിനറി ഓഫീസര്‍, സ്ഥലം പൊലീസ് ഇന്‍സ്‌പെക്ടര്‍, എസ്.പി.സി.എ പ്രതിനിധി, മൃഗ ക്ഷേമസമിതിയുടെ രണ്ട് പ്രതിനിധികള്‍, എന്നിവരടങ്ങുന്നതാണ് ഏനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി. നിലവിലുള്ള മൃഗച്ചന്തകള്‍ 3 മാസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്‌ട്രേഷന്‍ നല്‍കേണ്ട അധികാരം ആനിമല്‍ മാര്‍ക്കറ്റ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെതാണ്.

ലൈസന്‍സ് നല്‍കുന്നതിന് മുമ്പായി ചന്തകളില്‍ മൃഗങ്ങള്‍ക്ക് വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പാര്‍പ്പിടം, തണല്‍, കുടിവെള്ള ടാങ്കുകളും ആവശ്യത്തിന് ടേപ്പുകളും ബക്കറ്റുകളും, വേണ്ട ദീപസംവിധാനങ്ങള്‍, റാമ്പുകള്‍, രോഗം വന്ന മൃഗങ്ങള്‍ക്കുള്ള പ്രത്യേക മുറികള്‍, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സൗകര്യങ്ങള്‍, വാട്ടര്‍സപ്‌ളൈ, ടോയ് ലറ്റ് സൗകര്യം, വഴുക്കാത്ത തറകള്‍, മരണമടയുന്ന മൃഗങ്ങള്‍ക്കുള്ള ശ്മശാന സൗകര്യം, ഇത്രയുമാണ് മോണിറ്ററിങ് കമ്മിറ്റി ഉറപ്പ് വരുത്തേണ്ടത്.

ഇത്രയും സൗകര്യങ്ങളില്ലാത്ത ചന്തകള്‍ അടച്ചുപൂട്ടാവുന്നതാണ്. സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് 25 കിലോ മീറ്ററും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്ററും അകലത്തില്‍ മാത്രമേ ചന്തകള്‍ പ്രവര്‍ത്തിക്കാവൂ.

മാത്രവുമല്ല, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പാലിക്കേണ്ട മൃഗ സൗഹൃദ സമീപനത്തെപ്പറ്റി ഏറെ വാചാലമാണ് മോദി സര്‍ക്കാറിന്റെ ഈ ഉത്തരവ്.

ഇനിയൊരല്‍പം ഫ്‌ലാഷ് ബാക്ക്

2015 ഒക്ടോബര്‍ 16നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പുതിയ പ്രമാണവാക്യം ഉച്ഛരിച്ചത്.

‘ ശ്രമേവ ജയതേ ‘.

എന്നു വെച്ചാല്‍ അദ്ധ്വാനത്തിന്റെ വിജയം. സംസ്ഥാന തൊഴില്‍ കമീഷണര്‍മാരുടെ യോഗത്തില്‍ ആ സംസ്‌കൃത മുദ്രാവാക്യത്തോടൊപ്പം ഒരു ഇംഗ്ലീഷ് പ്രമാണവാക്യം കൂടി അദ്ദേഹം പ്രഖ്യാപിച്ചു: ‘നോ മോര്‍ ഇന്‍സ്‌പെക്ടര്‍ രാജ്.’

ഇനിയൊരൊറ്റ ലേബറാപ്പീസറും ഒരു മുതലാളിയുടെയും ഒരു ഫാക്ടറിയിലും കയറി പരിശോധിക്കരുത്. അവിടെ കക്കൂസുണ്ടോ ശുചിമുറികളുണ്ടോ മറ്റു സൗകര്യങ്ങളുണ്ടോ എന്ന പരിശോധന പാടില്ല. തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, അപകട സാദ്ധ്യത ഇതൊന്നും വെറുതെ കയറി പരിശോധിച്ച് ഉടമകള്‍ക്ക് അലോസരമുണ്ടാക്കരുത് എന്നു തന്നെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്.

അത് തൊഴിലാളിയുടെ കാര്യം. പശുവിന്റെ കാര്യമായാലൊ?

അതിന് പാര്‍പ്പിടം വേണം, തണല്‍ വേണം , തീറ്റപ്പുര വേണം, ടോയ്ലെറ്റ് വേണം, ദീപ സംവിധാനം വേണം. ഇമ്മാതിരി എല്ലാ സൗകര്യങ്ങളുമൊരുക്കണം. അതിന് ജില്ലാതല മോണിറ്ററിങ്ങ് സംവിധാനവും!

ഹോണ്ട കമ്പനിയിലെ സ്ത്രീ ജീവനക്കാര്‍ ടോയ്ലെറ്റില്‍ പോകുമ്പോള്‍ പിറകേ ചെന്ന് പാതി മാത്രം ചാരാനാവുന്ന വാതിലിനിപ്പുറം നിന്ന് മോണിറ്ററിങ് നടത്താന്‍ സൂപര്‍ വൈസര്‍മാര്‍ക്ക് അധികാരമുണ്ട്. പക്ഷേ പശുക്കളുടെ ടോയ്‌ലറ്റിന്റെ കാര്യത്തിലും ജല ലഭ്യതയുടെ കാര്യത്തിലും എന്തു ശുഷ്‌കാന്തിയാണ്! ഏതുതരം ഇന്‍സ്‌പെക്റ്റര്‍രാജും അവിടെയാവാം.

ഫാക്ടറിയില്‍ തീന്‍ മുറികളുണ്ടോ എന്നു പരിശോധിക്കാന്‍ ഒരൊറ്റ ഇന്‍സ്‌പെക്ടറും കടന്നു ചെന്നു കൂടാ എന്ന് പറഞ്ഞത് രാജ്യത്തെ പ്രധാനമന്ത്രി . അതേ സര്‍ക്കാര്‍ ഇറക്കുന്ന അസാധാരണ ഗസറ്റില്‍ കാലിച്ചന്തകളിലെത്തുന്ന പശുക്കളുടെ ഭക്ഷണം ഉറപ്പു വരുത്തേണ്ട ബാദ്ധ്യത അതിന്റെ ഉടമസ്ഥന്റേതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. രാത്രി 9 മണിക് മുമ്പായിത്തന്നെ ഭക്ഷണം കൊടുത്തിരിക്കണമെന്നും 9 മണിക്ക് ശേഷമാണ് എത്തുന്നതെങ്കില്‍ എത്തിയ ഉടനെത്തന്നെ തീറ്റിക്കണമെന്നും വ്യവസ്ഥയുണ്ട്.(19. 3. a )

കാലിക്കിടക്ക (bedding) ഉറപ്പു വരുത്തേണ്ട ചുമതല ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ മെംബര്‍ സെക്രട്ടറിയുടെതാണ്.

നോ മോര്‍ ഇന്‍സ്‌പെക്ടര്‍ രാജ്! അത് തൊഴിലാളികളുടെ ക്ഷേമത്തിന്റെ കാര്യത്തില്‍. എന്നാല്‍ മൃഗ ക്ഷേമമാവുമ്പോഴോ? മോര്‍ ആന്റ് മോര്‍ ഇന്‍സ്‌പെക്ടര്‍ രാജ്. മാടിലും താഴെയാണ് തൊഴിലാളി എന്നു തന്നെ മലയാളം.

മാടു കാര്യത്തില്‍ ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ മെംബര്‍ സെക്രട്ടറിക്ക് വേറെയും ചുമതലകളുണ്ട്. മൃഗ സൗഹൃദപരമായ ചന്തകള്‍ സ്ഥാപിക്കാനും മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുമായി പുറപ്പെടുവിച്ച നിരുപദ്രവകരമായ ഒരുത്തരവാണ് ഇത് എന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാര്‍ ആവര്‍ത്തിച്ചു പറയുന്നത്. എവിടെ അറവു നിരോധനം എന്നു വരെ ചോദിച്ചു കളഞ്ഞു ചിലര്‍. അല്‍പ ബുദ്ധികളായ ചിലരെങ്കിലും നോമ്പുകാലത്തെ മാംസ നിഷേധമായി ഇതിനെ ചുരുക്കിക്കാണുകയും ചെയ്തു.

പക്ഷേ ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ ചുമതലകള്‍ നിര്‍വചിക്കുന്ന മട്ടിലാണ് അപ്രഖ്യാപിത അറവ് നിരോധനം ഉറപ്പ് വരുത്തുന്നത്.
ഈയൊരുത്തരവ് വഴി നാടന്‍ കന്നുകാലിച്ചന്തകള്‍ അടച്ചു പൂട്ടേണ്ടി വരും. ഓരോ വാങ്ങല്‍ വില്‍ക്കലിലും ഡിക്ലറേഷന്‍ ഒപ്പിട്ട് തെര്യപ്പെടുത്തേണ്ടതുണ്ട്, മൃഗത്തെ അറക്കില്ല എന്ന്!

ഈ ഏടാകൂടങ്ങളില്‍ നിന്നൊക്കെ രക്ഷ നേടാന്‍ ബി.ജെ.പി നേതാവ് സംഗീത് സോമിന്റെ അല്‍ ദുവാ ഫുഡ് പ്രൊഡക്ട്‌സ് പോലുള്ള വമ്പന്‍ കമ്പനികളിലെത്തിച്ചാല്‍ മതി കാലികളെ. ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കമ്പനിക്ക് സംസ്‌കൃതേതരനാമം നല്‍കുക മാത്രമല്ല, പാര്‍ട്ണറായി മൊയ്‌നുദ്ദീന്‍ ഖുറേഷി എന്ന അഹിന്ദുവിനെ കൂട്ടുപിടിക്കുക കൂടി ചെയ്തു ആ ബി.ജെ.പി. എം.എല്‍.എ. അല്‍ ദുവാ ഫുഡ് പ്രൊഡക്ട്‌സ് എന്ന ബീഫ് കയറ്റുമതിക്കമ്പനിക്കായി 2005 ല്‍ അലിഗഡില്‍ ഏക്കര്‍ കണക്കിന് ഫാം വാങ്ങിക്കൂട്ടിയത്, വരാനിരിക്കുന്ന കാലിച്ചന്താ നിരോധനം മണത്തറിഞ്ഞതുകൊണ്ടു തന്നെയാവണം.

ഏതായാലും നോ മോര്‍ ഇന്‍സ്‌പെക്ടര്‍ രാജ് എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇപ്പോള്‍ ആവശ്യപ്പെടുന്നത് മോര്‍ ആന്റ് മോര്‍ ഇന്‍സ്‌പെക്ടേഴ്‌സ് ഫോര്‍ കൗസ് എന്നാണ്. കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയത്തോട് കൗ കൂട്ടിയാല്‍ ബി.ജെ.പി നയമാകും എന്നു പറഞ്ഞത് പഴയ ഒരു ബി.ജെ.പി മന്ത്രി തന്നെയല്ലേ?

Advertisement