എഡിറ്റര്‍
എഡിറ്റര്‍
വംശനാശത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തവണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്
എഡിറ്റര്‍
Friday 24th February 2017 10:46am

സ്വന്തം തൊഴിലും തൊഴില്‍ മേഖല തന്നെയും അതിഗുരുതരമായ പ്രശ്‌നങ്ങളാണ് നേരിടുന്നത് എന്ന് ബാങ്കിങ്ങ് മേഖലയിലെ മുഴുവന്‍ യൂനിയനുകള്‍ക്കും ബോദ്ധ്യമായതുകൊണ്ടാണ് ഒരു വിഭാഗം ജീവനക്കാര്‍ മാത്രം പ്രഖ്യാപിച്ച പണിമുടക്കം പിന്നീട് മുഴുവന്‍ ജീവനക്കാരും ഓഫീസര്‍മാരും ഒന്നിച്ചു നടത്തുന്ന വന്‍ സമരമായി മാറിത്തീരുന്നത്.

നോട്ടു റദ്ദാക്കല്‍ നടപടി ബാങ്ക് ജീവനക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമാണ് എന്നും കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയാന്‍ ഇതുകൊണ്ടൊന്നും ആവുകയില്ല എന്നും ബി.ഇ.എഫ്.ഐ അന്നു തന്നെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ടുതന്നെ സംഘപരിവാര്‍ സംഘടനകളുടെ കടുത്ത ആക്രമണങ്ങളാണ് സംഘടനക്ക് നേരെ ഉയര്‍ന്നത്.

എതിര്‍ക്കുന്നവരെയാകെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തും എന്ന ഭയം കൊണ്ടു കൂടിയാവാം, ബാങ്ക് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും കടുത്ത കഠിനകാലം സംഭാവന ചെയ്ത നടപടിക്കെതിരെ ഒന്നുറക്കെ ശബ്ദിക്കാന്‍ പോലും മറ്റും സംഘടനകള്‍ തയാറായില്ല.

പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍ തന്നെ ഐക്യവേദി വിളിച്ചു ചേര്‍ത്ത് ഒട്ടും വൈകാതെ പ്രതികരിക്കണമെന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നിര്‍ദേശം അവഗണിക്കപ്പെടുകയായിരുന്നുവത്രെ. അങ്ങനെയാണ് ബി.ഇ.എഫ്.ഐ യും എ.ഐ.ബി.ഇ.എ യും എ.ഐ.ബി.ഒ.എ യും മാത്രം നോട്ടു റദ്ദാക്കല്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ഫെബ്രവരി 7 ന് പണി മുടക്കാന്‍ തീരുമാനിച്ചത്.

പക്ഷേ കടുത്ത സര്‍ക്കാര്‍ അനുകൂല സംഘടനകളെപ്പോലും പ്രക്ഷോഭത്തിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു പോന്നത്. ബാങ്കുകള്‍ക്കും ബാങ്കിങ്ങിനു തന്നെയും വംശനാശം വന്നു ചേരുന്ന തരത്തിലുള്ള നീക്കങ്ങളാണ് നോട്ട് റദ്ദാക്കലിനു ശേഷം സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നത്.

അതില്‍ ഏറ്റവും കടുത്ത ഒരാക്രമണത്തിനുള്ള തയാറെടുപ്പ് നടത്തുന്ന കാര്യം ജീവനക്കാര്‍ക്ക് ബോദ്ധ്യമായത് ഡിസംബര്‍ 9 ന് മുന്‍ ധനകാര്യ സെക്രട്ടറി രത്തന്‍ വാഡലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഓണ്‍ ഡിജിറ്റല്‍ പേമെന്റ്‌സിന്റെ ശുപാര്‍ശകള്‍ പുറത്തുവന്നതോടെയാണ്.

കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും ഒന്നുമല്ല നോട്ട് റദ്ദാക്കലിനു പിന്നിലുള്ള വിഷയം എന്ന് പച്ചക്ക് വെളിപ്പെടുത്തുന്ന ഒരു രേഖയാണ് ആ റിപ്പോര്‍ട്ട്. വേണ്ട തയാറെടുപ്പകള്‍ നടത്താതെ മണ്ടത്തരം കാട്ടുകയായിരുന്നില്ല, പകരം മണ്ടവേഷം കെട്ടി നാട്ടുകാരെ മഹാമണ്ടരാക്കുകയായിരുന്നു മോദി എന്ന് ആ റിപ്പോര്‍ട്ട് ഒറ്റത്തവണ ഓടിച്ചു വായിച്ചാല്‍ ഏത് മണ്ടനും ബോദ്ധ്യമാവും.

നവംബര്‍ 8 ന് നോട്ടു റദ്ദാക്കല്‍ നടപടി പ്രഖ്യാപിക്കുന്നതിന്റെ മുമ്പത്തെമാസം അന്താരാഷ്ട്ര കാര്‍ഡ് ഭീമന്‍ കമ്പനിയായ വിസ നടത്തിയ ഒരു പഠനം പുറത്തുവിട്ടിരുന്നു.

‘ ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റിന്റെ വളര്‍ച്ച: ഒരു 5 വര്‍ഷ ആലോകനം’ ( Growth of digital payments in India: A 5 year outlook) എന്നായിരുന്നു രേഖയുടെ തലക്കെട്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നടത്തിപ്പുകാരായ കമ്പനിയുടെ കാഴ്ചപ്പാടില്‍ കറന്‍സി ഒരപരിഷ്‌കൃത വസ്തു തന്നെ. അതിന് ചെലവും കൂടും. തങ്ങളുടെ വരവ് കൂട്ടാന്‍ കാശിന്റെ വരവ് കുറയുക തന്നെയാണ് വേണ്ടത് എന്ന് വിസക്കറിയാം. അതു കൊണ്ട് പരമാവധി ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്ത് കിട്ടേണ്ടത് അവരുടെ ആവശ്യം.

ഈ ആവശ്യം വിസയുടെത് മാത്രമല്ല. സമീപകാലത്ത് പൊട്ടിമുളച്ച ഒട്ടനവധി ഫിന്‍ ടെക്ക് കമ്പനികളുണ്ട്. നവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഫൈനാന്‍സ് മേഖലയില്‍ ഇടപെട്ടു കളിക്കുന്നവര്‍. ഫൈനാന്‍സും കമ്യൂണിക്കേഷനും തമ്മിലുള്ള കണ്‍വര്‍ജന്‍സ് സാധ്യമായതോടെ, മൊബൈല്‍ കമ്പനികള്‍ക്കും നേരിട്ട് ബാങ്കുകള്‍ തുടങ്ങാമെന്ന് നോക്കിയ നേരത്തേ പഠിപ്പിച്ചിട്ടുണ്ടല്ലോ.

ഡിജിറ്റല്‍ പേമെന്റുകള്‍ അതിവേഗം അതിസമര്‍ത്ഥമായി നിറവേറ്റാനാവും എന്ന് ഫിന്‍ ടെക്ക് കമ്പനികള്‍ തെളിയിക്കുകയും ചെയ്തു. സാങ്കേതികവിദ്യ വികസിച്ചതിനനുസരിച്ച് ഈ-വാലറ്റുകള്‍ സാര്‍വത്രികമായി. പ്രീ പേമെന്റ് ഇന്‍സ്ട്രുമെന്റ് പ്രൊവൈഡേഴ്‌സ് എന്ന പേരില്‍ ഒരു പുതിയ വിഭാഗം സേവനദാതാക്കള്‍ ധന മേഖലയില്‍ പ്രവേശനം നേടിയതിന്റെ സമീപ കാലാനുഭവം നമുക്ക് മുന്നിലുണ്ട്.

എയര്‍ടെല്‍ മണി പോലുള്ള ഈ-വാലറ്റുകള്‍ കറന്‍സിക്ക് പകരമായി ഉപയോഗിക്കാമെന്നു വന്നു. പ്രീ പേമെന്റ് കാര്‍ഡുകള്‍ വഴി മൊബൈല്‍ റിചാര്‍ജിങ്ങ് മാത്രമല്ല, ഷോപ്പിങ്ങ് കൂടി നടത്താമെന്നായി. ഇത്തരം സേവന ദാതാക്കളായ മൊബൈല്‍ കമ്പനികളാണ് പുതുതായി തുടങ്ങിയ പേമെന്റ് ബാങ്കുകളുടെ ലൈസന്‍സ് നേടിയത്.

പേമെന്റ് ബാങ്കുകള്‍ എന്ന പേര് തന്നെ ഉള്‍ക്കൊള്ളാന്‍ അത്ര പെട്ടെന്ന് നാട്ടാര്‍ക്കായില്ല എന്നതാണ് വസ്തുത.
റസീറ്റ് കൗണ്ടര്‍ പോലെ ബാങ്കുകളിലെ കൗണ്ടറുകളില്‍ ഒന്നിന്റെ പേരാണല്ലോ പേമെന്റ് കൗണ്ടര്‍. പക്ഷേ അങ്ങനെയൊരു സംശയം തന്നെ വേണ്ടതില്ല എന്നാണ് രത്തന്‍ വാഡല്‍ കമ്മിറ്റി നമ്മെ പഠിപ്പിക്കുന്നത്.

ഇനി മേലാല്‍ ബാങ്കിങ്ങ് വേറെ; പേമെന്റ് വേറെ. സംശയലേശമന്യേ അദ്ദേഹം പറയുകയാണ്, കാശ് കൈമാറ്റം ചെയ്യുന്ന ബിസിനസ്സാണ് പേമെന്റ്. പരമ്പരയാ ഈ പേമെന്റ് കൂടി ബാങ്കുകള്‍ കൈകാര്യം ചെയ്തിരുന്ന കാര്യം ശരി തന്നെ. പക്ഷേ കാലം മാറി. ഇനി അതുപറ്റില്ല. ബാങ്കുകളുടെ പണി ഡിപ്പോസിറ്റുകള്‍ക്ക് ഒരു നിശ്ചിത തുക ‘റിട്ടേണ്‍ ‘ കൊടുക്കുക എന്നതും വായ്പ കൊടുക്കുക എന്നതുമാണ്.

ഇങ്ങനെ രണ്ടും രണ്ടു പാത്രത്തിലാക്കുന്ന ഈ നിലപാടിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് വിയോജനക്കുറിപ്പെഴുതാന്‍ കമ്മിറ്റിയംഗമായ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എച്ച്.ആര്‍.ഖാന്‍ നിര്‍ബന്ധിതനായി. ‘പേമെന്റ് സംവിധാനത്തെ കൃത്രിമമായി വേര്‍പിരിച്ചെടുത്ത് ആശയക്കുഴപ്പം ഉണ്ടാക്കേണ്ട യാതൊരാവശ്യവുമില്ല’ എന്നാണ് ഖാന്‍ പറയുന്നത്.

ഇങ്ങനെയൊരു കൃത്രിമ വിഭജനം നടത്തുന്നത് പേമെന്റ് സേവനത്തെ റിസര്‍വ് ബാങ്ക് മേല്‍നോട്ടത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനാണ്. ഫിന്‍ ടെക്ക് കമ്പനികള്‍ ഫൈനാന്‍സ് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, അവയെ റിസര്‍വ് ബാങ്ക് പരിശോധനക്ക് വിധേയമാക്കരുത് എന്ന ശാഠ്യമാണ് ഇവിടെ പ്രകടമാവുന്നത്. റിസര്‍വ് ബാങ്കിന് പകരം മറ്റൊരു റഗുലേറ്ററി സംവിധാനം വേണമെന്നാണ് ശുപാര്‍ശ.

അവിടം കൊണ്ടും തീരുന്നില്ല. പുതിയ മേല്‍നോട്ട സംവിധാനത്തിന്റെ പേരിടല്‍ കര്‍മ്മവും വാഡല്‍ നടത്തുന്നുണ്ട്. പേമെന്റ് റഗുലേറ്ററി ബോഡ് – PRB. ഈ ബോഡിന്റെ ചെയര്‍മാനായി റിസര്‍വ് ബാങ്ക് ഗവര്‍ണറെ നിയമിക്കാം. പക്ഷേ മറ്റു ബോര്‍ഡംഗങ്ങളെ സര്‍ക്കാരാണ് നിയോഗിക്കുക. എന്നു വെച്ചാല്‍, റിസര്‍വ് ബാങ്കില്‍ നിന്നും പേമെന്റ് സേവനത്തിന് പരിപൂര്‍ണ മോചനം.

അല്ലെങ്കില്‍ത്തന്നെ കേന്ദ്ര ബാങ്കിന്റെ അധികാരാവകാശങ്ങള്‍ നിയോലിബറല്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഓരോന്നൊരോന്നായി എടുത്തുകളയുകയാണല്ലോ. ഇപ്പോള്‍ വിസക്കും മാസ്റ്റര്‍ കാര്‍ഡിനും പേ.ടി.എമ്മിനും നവ സാങ്കേതിക വിദ്യാ വിദഗ്ധരായ ഫിന്‍ ടെക് കമ്പനികള്‍ക്കും വേണ്ടി മര്‍മ്മ പ്രധാനമായ പേമെന്റ് സേവനത്തെക്കൂടി റിസര്‍വ് ബാങ്കിന്റെ പിടിയില്‍ നിന്നും ‘മോചിപ്പിക്കുക’യാണ്! ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരാവകാശങ്ങള്‍ വന്‍കിട കമ്പനികള്‍ക്കായി റദ്ദാക്കുകയാണ്. അതിനു വേണ്ടിയുള്ള ശുപാര്‍ശകള്‍ എഴുതി വാങ്ങിക്കാനായി കമ്മിറ്റികളെ നിയോഗിക്കുകയാണ്!

ഫിന്‍ ടെക് കമ്പനികളെ ഇങ്ങനെ വഴിവിട്ടു സഹായിക്കുക മാത്രമല്ല ഇത്തരമൊരു കമ്മിറ്റിയുടെ നിയോഗം.

ബാങ്കുകള്‍ക്ക് മാത്രം ഉടമസ്ഥതയുള്ള നേഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ ബാങ്കിങ്ങിതര സ്ഥാപനങ്ങള്‍ക്ക് കൂടി തുറന്നു കൊടുക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. ഉടമസ്ഥത ‘ഡൈവേഴ്‌സിഫൈ’ ചെയ്യണം എന്നാണ് പ്രയോഗം. ബ്ലെയ്ഡ് കമ്പനികളടക്കമുള്ളവര്‍ക്ക് ഉടമസ്ഥരാവാന്‍ അവസരമൊരുക്കണമെന്നാണ് നിര്‍ദേശം (‘Include all stake holders ‘ എന്ന് പ്രയോഗം)

അതുകൊണ്ടും തീരുന്നില്ല നോണ്‍ ബാങ്കിങ്ങ് സ്ഥാപനങ്ങളോടുള്ള പ്രേമം. ഒരു ബാങ്കിലെ ഇടപാടുകാരന് മറ്റൊരു ബാങ്കിലെ വേറൊരിടപാടുകാരന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാനുള്ള സംവിധാനങ്ങളാണ് ആര്‍.ടി.ജി.എസ്സും എന്‍.ഇഎഫ്.ടിയും. ആ സംവിധാനത്തിലേക്ക് ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങള്‍ക്ക് കൂടി പ്രവേശനം നല്‍കണമെന്നാണ് വാഡല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്!

‘വിസ’ നടത്തിയ ഗവേഷണം കണ്ടെത്തിയത് ഇന്ത്യയില്‍ കറന്‍സി ക്ക് വേണ്ടി ചെലവാക്കുന്ന സംഖ്യ ജി.ഡി.പിയുടെ 1.7 ശതമാനമാണ് എന്നാണ്.ഇത് വളരെ കൂടുതലാണത്രെ. അത് 2025 ഓടെ 1.3 ശതമാനമാക്കി മാറ്റാനായാല്‍ 4 ലക്ഷം കോടി രൂപ ലാഭിക്കാമത്രെ. അത്രയും വലിയൊരു സംഖ്യ ലാഭിക്കാമെന്നിരിക്കെ, 5 വര്‍ഷം കൊണ്ട് 58,000 കോടി ചെലവാക്കിയാല്‍ തെറ്റുണ്ടോ എന്നാണ് ചോദ്യം.

ഇതേവാദം തന്നെയാണ് വേറൊരു ഭാഷയില്‍ വാഡലും ചോദിക്കുന്നത്. കാശും ജി.ഡി.പി യും തമ്മിലുള്ള ഇപ്പോഴത്തെ അനുപാതം 12 ശതമാനമാണ്. 3 വര്‍ഷം കൊണ്ട് അത് 6 ശതമാനമാക്കണമത്രെ.

ഇതിങ്ങനെ കുറച്ചു കൊണ്ടുവരുന്നതിനുള്ള ഡ്രസ് റിഹേഴ്‌സലാണ് നവംബര്‍ 8 നു ശേഷം രാജ്യത്ത് നടന്നത്പര്‍വതാരോഹണത്തിനുള്ള പരിശീലനത്തില്‍ പ്രധാന ഇനം ജല വിനിയോഗ നിയന്ത്രണമാണ്. അര ബക്കറ്റ് വെള്ളം കൊണ്ട് കാര്യമാകെ സാധിച്ച് ദേഹശുദ്ധി വരുത്തണം.

പരിശീലനം കഴിഞ്ഞാല്‍ കാല്‍ ബക്കറ്റ് തന്നെ ധാരാളം മതിയാകും. അതേപോലെ നവംബര്‍ 8 മുതല്‍ പണവിനിയോഗ നിയന്ത്രണം പരിശീലിപ്പിക്കപ്പെട്ട ഒരു ജനത അതിദ്രുതം ഡിജിറ്റലൈസേഷന്റെ അതിവേഗ വണ്ടിയില്‍ ചാടിക്കയറാന്‍ പ്രാപ്തരാവും.

സര്‍ക്കാറിന് നോട്ടച്ചടിക്കുന്ന കാശ് ലാഭം. പകരം, കോരന്റെ കീശക്കൊരോട്ട. കിട്ടുന്ന സേവനത്തിനാെക്കെ ചാര്‍ജ്. അതു വഴി സ്വന്തം കീശ കാലിയാക്കി രാജ്യസ്‌നേഹം തെളിയിക്കാം, ഫിന്‍ ടെക് കമ്പനികള്‍ക്ക് കുശാല്‍!

ബാങ്ക് ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം; പൗരന്‍ എന്ന നിലക്ക് വന്നു ചേരുന്ന അരക്ഷിതത്വം. ഇതാണ് പുതിയ പരിഷ്‌കാരങ്ങളുടെ ഉള്ളടക്കം എന്ന് കൂടുതല്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബോധ്യമാവുകയാണ്.

അതുകൊണ്ട്, ഇത്തവണ പണിമുടക്കിന് ആധാരമായി എണ്ണമറ്റ ഡിമാന്റുകള്‍ ഉന്നയിക്കുന്നുവെങ്കിലും അതില്‍ കേന്ദ്ര പ്രമേയമായി ധന മേഖലാ പരിഷ്‌കാരങ്ങള്‍ ഉയര്‍ന്നു വരികയാണ്.ഡിമാന്റുകള്‍ കൂടുമ്പോള്‍ ഫോക്കസ് നഷ്ടപ്പെടില്ലെ എന്ന് സംശയിക്കാം.

പക്ഷേ സര്‍വ തലസ്പര്‍ശിയായ പരിഷ്‌കാരങ്ങള്‍ കാരണം വന്നു ചേരാവുന്ന വിനാശകരമായ ഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവയാണ് കമ്മിറ്റി ഓണ്‍ ഡിജിറ്റല്‍ പേമെന്റ്‌സിന്റെ ശുപാര്‍ശകള്‍. അതു കൊണ്ടു തന്നെ മറ്റെല്ലാ ഡിമാന്റുകളെയും പിന്‍തള്ളി ധന മേഖലാ പരിഷ്‌കാരങ്ങളും അവയ്ക്ക് പിന്നിലുള്ള നയങ്ങളും നയങ്ങള്‍ക്ക് പിന്നിലുള്ള രാഷ്ട്രീയവുമാണ് ഈ സമരത്തില്‍ ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുക.

Advertisement