Categories

തൂക്കുന്നെങ്കില്‍ തൂക്ക്


തൂക്കാന്‍ വിധിച്ചാല്‍ ഒരു ചോദ്യമുണ്ടല്ലോ, എന്താണവസാനത്തെ ഒരാഗ്രഹമെന്ന്?. എന്നോടാണ് ചോദ്യമെങ്കില്‍ ഞാന്‍ ഒന്നേ പറയൂ. 2039വരെ ജീവിക്കാന്‍ അനുവദിക്കണമെന്ന്. ഇനിയും ഒരു 28കൊല്ലം കാലനുപോലും അങ്ങനെയൊരു വരം തരാനാവില്ലല്ലോ എന്ന് ബഹു കോടതി പറഞ്ഞാല്‍ എനിക്കുണ്ടൊരു മറുമരുന്ന്. കാലനിലും വലിയൊരു പെരുങ്കാലന്‍ പ്രലോഭിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നുതന്നെ.

കോട്ടാല്‍ കോടതിയുടെ കരള് പോലും അലിയും. വിഷയം മറ്റൊന്നുമല്ല. കൗശിക് ബസുഎന്നപേരുള്ള ഒരു കേമന്‍ കുറച്ചുകാലമായി ഇന്ദ്രപ്രസ്ഥം അടക്കിവാഴുകയാണ്. ന്ന്ച്ചാല്‍ ഇന്ത്യയെത്തന്നെ, ആളുടെ തസ്തിക ഉപദേശി എന്നാണ്. കൊന്തയും കുരുശുമൊന്നുമില്ലാതെ സദാ ഉപദേശിച്ചുകൊണ്ടിരിക്കുന്ന മൂപ്പരുടെ ഉപദേശ നിര്‍ദേശങ്ങള്‍ ശിരസാ വഹിക്കാന്‍ പ്രധാനമന്ത്രി മുതല്‍ ചിദംബര ചെട്ടിയാര്‍ വരെ നിര്‍ബന്ധിതരാണ്. സാമ്പത്തിക ഉപദേഷ്ടാവായ മൂപ്പരുടെയും മൂപ്പരെപ്പോലുള്ള മറ്റു ഉപദേശികളുടേയും ഉപദേശംകേട്ടപടി നടപ്പിലാക്കി തുടങ്ങിയതോടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വിശേഷിച്ചും കര്‍ഷകന് നല്ല തീറ്റയും കുടിയുമായി കുട്ടപ്പന്‍മാരായി വിലസാനായിട്ടുണ്ട്.

എന്നാല്‍ അന്നങ്ങോട്ട് കുടിയേറിയവരും അവര്‍ക്കു മുന്‍പേ ചത്ത് മണ്ണടിഞ്ഞ് നരകത്തില്‍ പുളയുന്നവരും ഒരേപോലെ വന്ദേമാതരം പാടി കുതിച്ചുതിരിച്ചെത്താന്‍ വെമ്പല്‍കൊള്ളുംവിധം ഒരു കാര്യമാണ് അങ്ങേര്‍ പറഞ്ഞത്. കൗശിക ബസുവിന്റെ കൗശലം പത്രങ്ങളായ പത്രങ്ങളൊക്കെ വെണ്ടക്ക നിരത്തികൊടുത്തിട്ടുമുണ്ട്. 2039ആകുന്നതോടെ ഇന്ത്യാക്കാരുടെ പ്രതിശീര്‍ഷവരുമാനം പതിനായിരം ഡോളര്‍ ആകുമെന്നാണ് ടിയാന്റെ വിശദീകരണം. ഓരോ ഇന്ത്യക്കാരനും പതിനായിരം ഡോളറിന്റെ വരുമാനം എന്നുവച്ചാല്‍ 4,60,000രൂപ. പ്രതിമാസവരുമാനം 38,333രൂപവരും. നിത്യക്കൂലി 1277രൂപകേട്ടാല്‍ ചത്തേടത്ത് നിന്നെഴുന്നേറ്റ് വരും എന്ന് പറയേണ്ടതുണ്ടോ.

ഇതും വായിച്ചങ്ങനെ ദേശാഭിമാന ബോധത്തിന്റെ രോമാഞ്ചകഞ്ജുകം അണിഞ്ഞുകൊണ്ടിരിക്കെയാണ് സാമ്പത്തിക ശാസ്ത്രക്ലാസ് സ്ഥിരമായി കട്ട് ചെയ്ത് ബോധിവൃക്ഷത്തണലില്‍ പുകച്ച് പുകച്ച് ഒടുക്കം പ്രിന്‍സിപ്പാള്‍ പുകച്ച് പുറത്തുചാടിച്ച രാമന്‍കുട്ടി ഒരു കാര്യം പറഞ്ഞത്. അപ്പോഴാണ് ഈ ആളോഹരിയുടെ നിജസ്ഥിതി മനസിലായത്.

അവന്‍ പറഞ്ഞത് ഇങ്ങനെയാണ് എടോ, മുകേഷ് അംബാനിക്കും നമ്മുടെ അച്യുതനാശാരിക്കും എനിക്കും പിന്നെ നിങ്ങള്‍ക്കെല്ലാര്‍ക്കും എന്നുവച്ചാല്‍ ഇന്ത്യക്കാരായ നമുക്കെല്ലാം കൂടി കിട്ടുന്ന ആകെ വരുമാനമുണ്ടല്ലോ, അതിനെ ആകെയുള്ള ആളുകളെക്കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യായാണ് പ്രതിശീര്‍ഷവരുമാനം. അംബാനിയുടെ അമ്പത് ലക്ഷവും അച്യുതനാശാരിയുടെ അച്ഛന്റെ 50കൂടി കൂടി ശരാശരിയെടുത്താല്‍ ഇരുപത്തിയഞ്ചുലക്ഷത്തി ഇരുപത്തഞ്ചായല്ലോ.

ഈ വിവരം അറിഞ്ഞതോടെ പ്രിയ്യപ്പെട്ടവരെ എന്റെ ആവേശമെല്ലാം പമ്പകടന്നു. പത്രമൊന്നുകൂടി നിവര്‍ത്തി വായിച്ചപ്പോഴാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. ഇതിങ്ങനെ പതിനായിരം ഡോളറാവണമെങ്കില്‍ പാവപ്പെട്ടവര്‍ ഒന്നുകൂടി മുണ്ടുമുറുക്കണം. കാരണം വളര്‍ച്ചാ നിരക്ക് 8.5%മായി നിലനിര്‍ത്തണം. വളര്‍ച്ചയ്ക്ക് നിരക്കാത്ത ഉയര്‍ച്ചയൊന്നും അവര്‍ മോഹിക്കരുത് എന്ന്!

എന്തായാലും അന്ത്യാഭിലാഷം ഇനി 2039വരെ ജീവിച്ചിരിക്കുക എന്നതല്ല തന്നെ. തൂക്കുന്നെങ്കില്‍ തൂക്ക്. ആള്‍ക്ക് ചെത്താന്‍ പോവാനുണ്ട് എന്ന് പഴയചെത്തുകാരന്‍ പറഞ്ഞില്ലേ കോടതിയോട്, അതേ എനിക്കും പറയാനുള്ളൂ തൂക്കാന്‍വിധിക്കുന്ന കോടതിയോട് ഇപ്പോള്‍.

Tagged with: |

3 Responses to “തൂക്കുന്നെങ്കില്‍ തൂക്ക്”

  1. balan

    ശരിക്കും പറഞ്ഞാല്‍ പവപെട്ടവണ്ടേ നെഞ്ചാത്ത്ര്‍ കയറിനിന്നു കൊടോവാള്‍ ഉയര്‍ത്തി പിടിച്ചേ അട്ട ഹസിക്കുന്ന രാഷ്ട്രിയ കാരന്‍ വികസ്വനം എന്നാ പേരില്‍ പവപട്ട്വണ്ടെ ക്യിവസം ഉള്ള്തുകുടി പിടുങ്ങി വാങ്ങി ഉടുതുണി പോലും ഇല്ലാതെ വാഴയെ നടത്താന്‍ ഒരുഞ്ഞുന്ന്‍ കണ്ട്ര സര്‍ക്കാരും അവരുടെ അനുയിക്ളായ സംസ്ഥാന്‍ രാഷ്ട്രിയ കാരും ! ഒരുപാഷേ ആ മഹാട്മാവിണ്ടേ അട്മാവേ ഇതുകണ്ടേ ദുക്കിക്ക്ന്നുണ്ടാവും കഷ്ടം

  2. balan

    ഇന്നുള്ള മുഴുവന്‍ രാഷ്ട്രിയ കാരും അഴ്മാതിക്കാര്‍ന്മാര്‍ ആണേ ഒരു സംശയവും ഇല്ല !

  3. ajay

    in 2039, may be $10000==50 rs

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.