കോഴിക്കോട്: കോഴിക്കോട് മേയറായി പ്രൊ.എ.കെ പ്രേമജം അധികാരമേല്‍ക്കും. ഇടതുമുന്നണി ജില്ലാ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പിലായിരുന്ന പ്രേമജം കോഴിക്കോട് മുന്‍ മേയറായിരുന്നു.

സി.പി.ഐ.എം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ്. വടകരയില്‍ നിന്ന് നേരത്തെ ലോക്‌സഭാംഗമായിരുന്നു. 71 വയസ്സുള്ള പ്രഫ.എ.കെ പ്രേമജം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഡോ. രവീന്ദ്രനാഥാണു ഭര്‍ത്താവ്. മക്കള്‍: പ്രേംനാഥ് (കെ.എസ്.എഫ്.ഇ ജന. മാനേജര്‍), ഡോ. പ്രവീണ്‍ (ന്യൂസിലന്റ്).

ഡെപ്യൂട്ടി മേയറായി നിലവില്‍ സ്ഥാനത്തുള്ള പ്രൊ. അബ്ദുള്‍ ലത്തീഫ് തന്നെ ചുമതലയേല്‍ക്കും. ഫാറൂഖ് കോളജില്‍ അധ്യാപകനായ അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമാണ്. കഴിഞ്ഞ രണ്ടു തവണയും അദ്ദേഹം തന്നെയായിരുന്നു ഡെപ്യൂട്ടി മേയര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ സഭാകക്ഷിനേതാവായി എം മോഹനനെ തിരഞ്ഞെടുത്തു. സി.പി.ഐ.എം സൗത്ത് ഏരിയാ സെക്രട്ടറിയാണു മോഹനന്‍.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐ.എമ്മിലെ ജമീലയേയും വൈസ് പ്രസിഡന്റായി സി.പി.ഐയിലെ ആര്‍ ശശിയെയും തിരെഞ്ഞടുത്തു.