തിരുവനനന്തപുരം: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി ജയറാം രമേശിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്നു മന്ത്രി എ.കെ ബാലന്‍ . വികാരത്തിന്റെ പുറത്ത് ഒരു മന്ത്രിയും ഇത്തരം പരാമര്‍ശം നടത്തരുതെന്നും എ കെ ബാലന്‍ പറഞ്ഞു.

പ്രശ്‌നം പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചാല്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടത്. അവര്‍ എന്തു തീരുമാനിച്ചാലും താന്‍ പദ്ധതിക്ക് അനുമതി നല്‍കില്ലെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ ഒരു മന്ത്രിക്ക് യോജിച്ചതല്ല അദ്ദേഹത്തിന്റെ പരാമര്‍ശം.

വ്യക്തിപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെങ്കില്‍ ലക്ഷങ്ങള്‍ ചെലവിട്ട് ഇത്തരം സമിതികളെ നിയോഗിക്കേണ്ട ആവശ്യമെന്താണ്. ജയ്‌റാം രമേഷ് മന്ത്രിസ്ഥാനത്ത് ഉള്ളിടത്തോളം പദ്ധതിക്ക് അനുമതി കിട്ടില്ലെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കെ എസ് ഇ ബി ചെയര്‍മാന്‍ മനോഹരന്‍ പദ്ധതിക്കെതിരെ സംസാരിച്ചെന്ന ജയ്‌റാം രമേഷിന്റെ ആരോപണം തെറ്റാണ്. താന്‍ മനോഹരനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരും പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും തനിക്ക് വ്യക്തിപരമായ അറിയാവുന്ന മേഖലയില്‍ വൈദ്യുത പദ്ധതി ആശാസ്യമല്ലെന്നുമാണ് കേന്ദ്രമന്ത്രി കുറിച്ചിരുക്കുന്നത്. ടി കെ എ നായര്‍ക്ക് ഇതുസംബന്ധിച്ച് കത്തെഴുതുമെന്നും എ കെ ബാലന്‍ അറിയിച്ചു.

മഗസാസെ പുരസ്‌കാര ജേതാവ് രാജേന്ദ്രസിങ് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയുടെ മുകളില്‍ പദ്ധതിക്ക് അനുമതി റദ്ദാക്കുമെന്ന് ജയ്‌റാം രമേഷ് സ്വന്തം കൈപ്പടയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.