എഡിറ്റര്‍
എഡിറ്റര്‍
നെയ്യാറ്റിന്‍കരയില്‍ സി.പി.ഐ.എം ജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കും: എ.കെ ആന്റണി
എഡിറ്റര്‍
Tuesday 29th May 2012 2:06pm

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ജയിച്ചാല്‍ സംസ്ഥാനത്ത് ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി.   സി.പി.ഐ.എം  ചെയ്ത തെറ്റ് ശരിയാണെന്ന് ന്യായീകരിക്കുന്നതാകും ആ വിജയമെന്നും ആന്റണി പറഞ്ഞു. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പൊഴിയൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

ലോകമെമ്പാടുമുള്ള കമ്മ്യുണിസ്റ്റുകാര്‍ സ്റ്റാലിനിസത്തെ തള്ളിക്കളയുമ്പോള്‍ കേരളത്തില്‍ മാത്രം ചില കമ്മ്യുണിസ്റ്റുകാര്‍ ഇപ്പോഴും സ്റ്റാലിനെ ആരാധിക്കുകയാണെന്നും ആന്റണി പറഞ്ഞു. അവരെ തിരുത്താന്‍ നല്ലവരായ സി.പി.ഐ.എം പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും ആന്റണി പറഞ്ഞു.

കൊലപാതക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. ടി.പി ചന്ദ്രശേഖരന്റെ വധം അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകണം. പ്രതിയോഗികളെ എന്നന്നേക്കുമായി അവസാനിപ്പിക്കുന്ന അക്രമ രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. അത് ജനങ്ങള്‍ മടുത്തു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ മാത്രമേ കൊലപാതക രാഷ്ട്രീയത്തിലൂടെ കഴിഞ്ഞിട്ടുള്ളൂ. തെറ്റുതിരുത്താന്‍ സി.പി.ഐ.എം തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അതിനുള്ള ഉത്തരവാദിത്തം ജനങ്ങള്‍ക്കുണ്ടെന്നും ആന്റണി പറഞ്ഞു.

കേരള സര്‍ക്കാരിന് താന്‍ നൂറില്‍ നൂറു മാര്‍ക്കും നല്‍കുകയാണ്. പാവങ്ങള്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരി നല്‍കിയ സര്‍ക്കാരിന്റെ പദ്ധതിയാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചത്. കാരുണ്യ പദ്ധതിയും സര്‍ക്കാരിന്റെ മതിപ്പ് വര്‍ധിപ്പിച്ചു. സ്വപ്‌നം കാണുകമാത്രമല്ല, അത് നടപ്പാക്കുക കൂടി ചെയ്യുന്ന സര്‍ക്കാരാണിത്. വികസന പദ്ധതികള്‍ക്കൊപ്പം ക്ഷേമ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.

Advertisement