Categories

വി.എസ് ഇപ്പോഴും പ്രതിപക്ഷ നേതാവ്: ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ ഇപ്പോഴും പ്രതിപക്ഷ നേതാവിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. പാര്‍ട്ടിയെ അനുസരിക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും മുഖം രക്ഷിക്കാനുള്ള വ്യര്‍ത്ഥമായ ശ്രമം മാത്രമാണ് വി.എസ് നടത്തുന്നതെന്നും തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കവെ ആന്റണി വ്യക്തമാക്കി.

അഞ്ച് വര്‍ഷം ഭരിച്ച് കാലാവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയുടെ ഭാഷയിലല്ല അച്യുതാനന്ദന്‍ സംസാരിക്കുന്നത്. വി.എസിന്റെ ഭരണകാലത്ത് കേരളത്തില്‍ കാര്യമായ സംഭാവനകള്‍ ഉണ്ടായിട്ടില്ല. സാധാരണഗതിയിലുള്ള വികസനം മാത്രമാണുണ്ടായത്. അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിക്കേണ്ടത്.

എന്നാല്‍ കാര്യമായ ഭരണം കാഴ്ചവെക്കാത്തതിന്റെ പഴി പാര്‍ട്ടി സെക്രട്ടറിക്കും പാര്‍ട്ടിക്കും മേല്‍ അടിച്ചേല്‍പിക്കുകയാണ് വി.എസ്. അഴിമതിക്കെതിരേ സംസാരിക്കുന്ന മുഖ്യമന്ത്രി എത്ര അഴിമതിക്കേസുകള്‍ തന്റെ ഭരണകാലത്ത് ചാര്‍ജ് ചെയ്തുവെന്നും എത്ര അഴിമതിക്കാരെ ജയിലില്‍ അടച്ചുവെന്നും വ്യക്തമാക്കണം. കേരളത്തിലെ സ്ത്രീപീഡനക്കേസുകള്‍ എത്രയെണ്ണം അന്വേഷിച്ചുവെന്നും വി.എസ് വ്യക്തമാക്കണം.

പാര്‍ട്ടിയെ അനുസരിക്കാത്ത നേതാവാണ് വി.എസ്. എന്നാല്‍ പാര്‍ട്ടിക്ക് അദ്ദേഹത്തെ ഉയര്‍ത്തേണ്ടിവന്നു. ശക്തമായ ഭരണവിരുദ്ധമാണ് കേരളത്തിലുള്ളതെന്നും അടുത്ത അഞ്ചുവര്‍ഷം സമഗ്രവികസനത്തിന്റേതായിരിക്കുമെന്നും ആന്റണി അഭിപ്രായപ്പെട്ടു. കേന്ദ്രസഹായത്തോടെ നടപ്പാക്കിയ പദ്ധതികള്‍ തങ്ങളുടേതാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണം നേടാനുള്ള തന്ത്രം മാത്രമാണ് സി.പി.ഐ.എമ്മില്‍ ഇപ്പോള്‍ നടക്കുന്ന ഒത്തുതീര്‍പ്പെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സമഗ്ര വികസനമാണ് കോണ്‍ഗ്രസിന്റെ ഒന്നാമത്തെ അജണ്ട. വിമര്‍ശനവും ആരോപണങ്ങളുമൊക്കെ രണ്ടാമത്തെയും മൂന്നാമത്തെയും അജണ്ടകളാണ്.

സ്വന്തം പരാജയം മറച്ചുവെക്കാന്‍ പുകമറ സൃഷ്ടിക്കുകയാണ് വി.എസ്. പിടിപ്പുകേടുകൊണ്ടും പിടിവാശികൊണ്ടും എത്ര പദ്ധതികളാണ് കേരളത്തില്‍ പാഴായതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി ഒരു തരംഗം വീശിത്തുടങ്ങിയെന്നും യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരുമെന്നും ആന്റണി പറഞ്ഞു. റിബലുകള്‍ ഉള്‍പ്പെടെ പിന്‍മാറി എല്ലാവരും ഒന്നിച്ച് യു.ഡി.എഫിന്റെ വിജയത്തിനായി കളമൊരുക്കിക്കഴിഞ്ഞതായും ആന്റണി ചൂണ്ടിക്കാട്ടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.