തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള കേന്ദ്രശ്രമം വിജയിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. പ്രശ്‌നം പരിഹരിക്കണമെന്ന് ദേശീയ കക്ഷികള്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പരിഹാര നിര്‍ദ്ദേശങ്ങള്‍ ഇവര്‍ മുന്നോട്ട് വെയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വ്യക്തമായ നിലപാട് ഇല്ലെന്നും ഇതു പ്രാദേശിക തലങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള സ്വാധീനം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല, എന്നാല്‍ പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ ഉപേക്ഷിക്കില്ല- ആന്റണി പറഞ്ഞു. പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും രണ്ട് നിലപാടുകളാണ് പിന്തുടരുന്നതെന്നും കോടതിക്ക് പുറത്ത് രമ്യമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പ്രധാനമന്ത്രി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ തുടരും. കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ക്കു പരിഹാരം കാണണം. കോടതി വഴിയുള്ള പരിഹാരത്തോടൊപ്പം ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും ഒരു മേശയ്ക്കു ചുറ്റുമിരുന്നു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടരണം.

രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇരു സംസ്ഥാനങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടാക്കും. ചെന്നൈയില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ആന്റണി വ്യക്തമാക്കി.

Malayalam news

Kerala news in English