കോഴിക്കോട്: കണക്കുതീര്‍ക്കലിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയമാണ് ഇടതുമുന്നണി പിന്തുടരുന്നതെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സമഗ്രവികസിത സംസ്ഥാനമാക്കി മാറ്റും. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വര്‍ഷത്തെ അവരുടെ ഭരണത്തില്‍ വികസന നേട്ടമെന്ന് പറയാന്‍ ഒന്നുമില്ല. അഞ്ചു വര്‍ഷം മുന്‍പ് തങ്ങള്‍ കയ്യിലേല്‍പ്പിച്ച ഭരണമെന്ന പളുങ്കു പാത്രം തല്ലിത്തകര്‍ത്തിന്റെ പേരില്‍ ജനം ഇടതുമുന്നണിക്കെതിരെ വിധിയെഴുതിക്കഴിഞ്ഞു. മേയ് 13 ന് ആ വിധി പുറത്തു വരും. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ജനം ഇടതുമുന്നണിക്കു രാഷ്ട്രീയ വനവാസം വിധിച്ചിരിക്കുകയാണ്.

Subscribe Us:

രാജ്യം എല്ലാ മേഖലയിലും പുരോഗമിക്കുമ്പോള്‍ കേരളം പിന്നോട്ടാണ്. അഞ്ചു വര്‍ഷത്തിനിടെ പട്ടിണി മരണവും കര്‍ഷക ആത്മഹത്യയും ഉണ്ടാവാത്തത് ഭരണ നേട്ടമായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു നടക്കുന്നു. തെറ്റ് പറയുന്നത് മുഖ്യമന്ത്രി ആയാല്‍പോലും അത് തിരുത്തപ്പെടണം. കര്‍ഷക ആത്മഹത്യയും പട്ടിണി മരണവും ഇല്ലാതായത് വിഎസിന്റെ നേട്ടമല്ല.ദീര്‍ഘവീക്ഷണത്തോടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലമാണത്. കേന്ദ്രത്തിന്റെ വികസന നേട്ടങ്ങള്‍ കേരളത്തിനും ലഭ്യമാകണമെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ടെന്നും ആന്റണി പറഞ്ഞു.