എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജ്- പ്രതാപന്‍ തര്‍ക്കം യു.ഡി.എഫില്‍ പ്രതിസന്ധിയുണ്ടാക്കില്ല: ആന്റണി
എഡിറ്റര്‍
Saturday 4th August 2012 11:19am

തിരുവനന്തപുരം: പി.സി ജോര്‍ജ്- ടി.എന്‍ പ്രതാപന്‍ തര്‍ക്കം കേരളത്തിലെ യു.ഡി.എഫില്‍ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി. പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

Ads By Google

ടി.എന്‍.പ്രതാപന്‍ എം.എല്‍.എയെ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അധിക്ഷേപിച്ച് സംസാരിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പ്രതികരിച്ചില്ല. പത്തനംതിട്ടയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹം മൗനം പാലിച്ചത്. പി.സി ജോര്‍ജ്- പ്രതാപന്‍ തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫ് നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി കെ.എം മാണി അറിയിച്ചു.  പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എയെ ജാതി ധ്വനിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവു ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് ആക്ഷേപിച്ചു എന്ന ആരോപണം യു.ഡി.എഫിന് വന്‍ പ്രസിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ജോര്‍ജിനെ കയറൂരിവിടരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഏതാനും എം.എല്‍.എമാര്‍ പരസ്യമായി രംഗത്തെത്തുകയും വികാരഭരിതമായ ഭാഷയില്‍ ടി.എന്‍. പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തതോടെയാണ് യു.ഡി.എഫിന് തലവേദനയായത്.

ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ മറ്റൊരു പാര്‍ട്ടിയുടെ നേതാവ് അധിക്ഷേപിക്കുമ്പോള്‍ സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അത് ചെയ്തില്ലെന്ന ഗുരുതരമായ ആരോപണവുമായാണ്‌ കോണ്‍ഗ്രസ് യുവ എം.എല്‍.എമാര്‍ പരസ്യമായി ഉയര്‍ത്തിയത്. അതിനിടെ, പി.സി. ജോര്‍ജാകട്ടെ കഴിഞ്ഞദിവസം സമാനമായ പ്രസ്താവനയുമായി രംഗത്തെത്തി. ചിലരുടെ ഊളത്തരത്തിന് മറുപടി പറയാന്‍ താനില്ലെന്നായിരുന്നു ജോര്‍ജ് പറഞ്ഞത്. ഇതോടെ യു.ഡി.എഫില്‍ പ്രതിസന്ധി ശക്തമായിരിക്കുകയാണ്.

 

 ടി.എന്‍ പ്രതാപന്റെ കത്തിന്റെ പൂര്‍ണരൂപം വായിക്കാം

Advertisement