പിറവം: വി.എസ് അച്യുതാനന്ദന്‍ വാക്കുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി. പിറവം പ്രചാരണത്തിനായി മുളന്തുരുത്തിയില്‍ എത്തിയ അദ്ദേഹം സിന്ധു ജോയിക്കെതിരായ വി.എസിന്റെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു.

കെ. കരുണാകരനുശേഷം കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഏറ്റവും തലമുതിര്‍ന്ന രാഷ്ട്രീയനേതാവ് എന്ന   നിലയില്‍ വി.എസ് വാക്കുകള്‍ നിയന്ത്രിച്ച് ഉപയോഗിക്കണമെന്നും ആന്റണി പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു നേതാവില്‍ നിന്നും ഇത്തരത്തിലൊരു പ്രസ്താവനയുണ്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ആന്റണി അഭിപ്രായപ്പെട്ടു.

പിറവത്ത് ഇക്കുറി കോണ്‍ഗ്രസ് വോട്ടുകള്‍ ചോരില്ലെന്ന് ആന്റണി വ്യക്തമാക്കി. ടി.എം. ജേക്കബ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമായിരിക്കണം ഇക്കുറി ജനവിധിയെന്ന് മുളന്തുരുത്തിയിലെ യോഗത്തില്‍ അദ്ദേഹം പിറവത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ടി.എം. ജേക്കബിന്റെ മകനാണെന്നതാണ് അനൂപിന്റെ ഏറ്റവും വലിയ ബാങ്ക് ബാലന്‍സ്. കഴിഞ്ഞ അഞ്ചു വര്‍ഷം ഇടത് സര്‍ക്കാരും പത്ത് മാസം പോലുമാകാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Malayalam news

Kerala news in English