തിരുവല്ല: പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള മോചന യാത്രയുടെ സമാപനപരിപാടി പ്രതിരോധമന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായി മാറിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തെ തൊടാതെയായിരുന്നു ആന്റണിയുടെ പ്രസംഗം.

ഉമ്മന്‍ചാണ്ടി കരുത്തുള്ള ആളാണെന്ന് തനിക്ക് നേരക്കെ അറിയാമായിരുന്നുവെന്നും പ്രതികൂല സാഹചര്യത്തിലും ഈ ജാഥ വിജയിപ്പിച്ച് അദ്ദേഹം അത് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. താനും മാണി സാറുമൊക്കെ ചേര്‍ന്ന് മുമ്പ് ഇതുപോലൊരു ജാഥ നടത്തിയപ്പോള്‍ യു.ഡി.എഫിന് 99 സീറ്റു കിട്ടിയ കാര്യം ആന്റണി ഓര്‍മിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിനെ സദാസമയവും കുറ്റപ്പെടുത്തുന്ന ഒരു സര്‍ക്കാര്‍ ഭരിച്ചിട്ടും കേരളത്തിന് ഇത്രയേറെ കേന്ദ്രസഹായം ലഭിച്ച കാലം മുമ്പുണ്ടായിട്ടില്ലെന്ന് ആന്റണി പറഞ്ഞു. ഇന്ത്യ വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ കുതിപ്പു നടത്തിയ കാലമാണിത്. ഇതിന്റെ ഫലമായി ഖജനാവില്‍ കുമിഞ്ഞുകൂടിയ സമ്പത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസം പരിഗണിക്കാതെ സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഈ സഹായങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. അവസരം കിട്ടുമ്പോഴെല്ലാം കേന്ദ്രസര്‍ക്കാരിനെ താഴ്ത്തിക്കെട്ടുകയും പഴിചാരുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെങ്കിലും കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ പിന്നെയും പിന്നെയും വരിക്കോരി നല്‍കിക്കൊണ്ടിരുന്നു. മുപ്പതിലേറെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്.

ഇതിന് പുറമെ കുട്ടനാട്, ഇടുക്കി പാക്കേജുകളും വല്ലാര്‍പ്പാടം പദ്ധതിയുമെല്ലാം യാഥാര്‍ഥ്യമായി. ഇത്രയും കേന്ദ്ര ആനുകൂല്യം ലഭിച്ച ഒരു കാലം കേരളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല. കേന്ദ്രവിരുദ്ധം എന്നതാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വിലകുറഞ്ഞ മുദ്രാവാക്യം. കേന്ദ്രവുമായി കൈകോര്‍ക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പതിന്മടങ്ങ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കും. സുസ്ഥിരവും സമഗ്രവുമായ വികസനം നടക്കണമെങ്കില്‍ യു.ഡി.എഫ് ഭരണം നിലവില്‍ വരണം.

കഴിഞ്ഞ തവണ യു.ഡി.എഫിന് 99 സീറ്റാണ് ലഭിച്ചതെങ്കില്‍ ഇക്കുറി അത് സെഞ്ച്വറി കടക്കും അത്തരത്തിലാണ് കേരളത്തിലെ ജനവികാരം. കേരളത്തില്‍ ഭരണമാറ്റത്തിനുള്ള കാറ്റ് വീശുകയാണ്. എല്‍ .ഡി.എഫിന്റെ കാലം കഴിയാറായി. സെക്രട്ടേറിയറ്റില്‍ ഒരു ശുദ്ധികലശത്തിനുള്ള സമയമായി. കേരള മോചനയാത്ര അതിന്റെ ഒന്നാം ഘട്ടമാണ്ആന്റണി പറഞ്ഞു.