Categories

‘നടിയോട് ചെയ്തത് ശുദ്ധ പോക്കിരിത്തരം, സത്യങ്ങള്‍ ചുരുളഴിയുന്നതു വരെ കുറ്റപ്പെടുത്താതിരുന്നു കൂടെ; ദിലീപിന് പിന്തുണയുമായി അജു വര്‍ഗ്ഗീസ്

കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് പിന്തുണയുമായി അജു വര്‍ഗ്ഗീസ് രംഗത്ത്. നടിയോട് പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. പ്രതിയെ കണ്ടു പിടിക്കുക തന്നെ വേണമെന്നും പറഞ്ഞ അജു ദിലീപിനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അജു പ്രതികരണം രേഖപ്പെടുത്തിയത്. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ പൊതുസമൂഹം കാണിക്കണമെന്നും അജു ആവശ്യപ്പെട്ടു.

സത്യങ്ങള്‍ ചുരുളഴിയുന്നതു വരെ കുറ്റപ്പെടുത്താതിരുന്നു കൂടെയെന്നും അജു പോസ്റ്റില്‍ കുറിക്കുന്നു.


Also Read: ‘ഞങ്ങള്‍ ബീഫ് കഴിക്കും… തമിഴന്‍ ഡാ’; മലയാളിയുടെ പാത പിന്തുടര്‍ന്ന് ‘പോ മോനേ മോദി’ സ്‌റ്റൈലില്‍ ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനിടെ തമിഴ് യുവാവിന്റെ പ്രതിഷേധം


നേരത്തെ, ദിലീപ് പിന്തുണയുമായി സലീം കുമാറും രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആ തിരക്കഥയുടെ ആദ്യത്തെ ട്വിസ്റ്റായിരുന്നു ദിലീപിന്റേയും മഞ്ജുവിന്റേയും ഡിവോഴ്‌സ് എന്നുമായിരുന്നു സലീം കുമാറിന്റെ പ്രതികരണം.

കേസിലെ ദുരൂഹത അവസാനിപ്പിക്കാന്‍ എല്ലാവരേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സലീം കുമാറിന്റെ പ്രതികരണം.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്കു തയ്യാറാണെന്നും നടന്‍ ദിലീപ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് സോഷ്യല്‍ മീഡിയലൂടെയും ചില മാധ്യമങ്ങളിലൂടെയും നടക്കുന്നത്. പ്രേക്ഷകരെ തന്നില്‍ നിന്നും അകറ്റാനും അതിലൂടെ തന്റെ സിനിമകളെ പരാജയപ്പെടുത്താനും അതുവഴി സിനിമാ രംഗത്തുനിന്നു തന്നെ ഇല്ലായ്മ ചെയ്യാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും ദിലീപ് ആരോപിക്കുന്നു.

‘ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും, തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക. ‘ അദ്ദേഹം പറയുന്നു.


Don’t Miss: ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


ദിലീപിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവന്ന സലിംകുമാറിനും അജുവര്‍ഗ്ഗീസിനും നന്ദി അറിയിച്ചുകൊണ്ടാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

സിനിമാരംഗത്തുനിന്നും തനിക്കു പിന്തുണ ലഭിക്കുന്നില്ലെന്ന് ദീലീപ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. സലിംകുമാറിന്റെയും അജുവര്‍ഗീസിന്റെയും പേരുകള്‍ എടുത്തുപറഞ്ഞ് അവരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ആ ആരോപണം ഒരിക്കല്‍ കൂടി പരോക്ഷമായി ആവര്‍ത്തിക്കുകയാണ് ദിലീപ് ചെയ്യുന്നത്.

അജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരം, ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം.
ദിലീപ് ഏട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാന്‍ ഉള്ള ശ്രമം.
രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ?