ജയ്പൂര്‍: അജ്മീര്‍ ബോംബ് സ്‌ഫോടനക്കേസില്‍ എ.ടി.എസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവിന്റെ പേരും. മുതിര്‍ന്ന സംഘടനാ നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പേരാണ് കുറ്റപത്രത്തിലുള്ളത്.

ജയ്പൂര്‍ എം.ഐ റോഡിലെ ഗുജറാത്തി സമാജ് ഗസ്റ്റ് ഹൗസിലാണ് സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇന്ദ്രേഷ് കുമാറടക്കം മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം സ്‌ഫോടനത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ഹിന്ദു തീവ്രവാദ സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകന്‍ ദേവേന്ദ്രഗുപ്തയടക്കം അഞ്ചു പേര്‍ക്കെതിരെയാണ് കുറ്റപത്രം. കൊലപാതകം, ആരാധനാലയം തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 806 പേജുള്ള കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളുണ്ട്. 26ന് കോടതി കുറ്റപത്രം പരിഗണിക്കും.
2007 ഒക്ടോബറിലാണ് അജ്മീര്‍ സ്‌ഫോടനമുണ്ടായത്. ജയ് വന്ദേമാതരം, അഭിനവ് ഭാരത് തുടങ്ങിയ സംഘടനകള്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.