Categories

അജ്മീര്‍ സ്‌ഫോടനം: സുരേഷ് നായര്‍ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ്

ന്യൂദല്‍ഹി: അജ്മീര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മലയാളി സുരേഷ് നായര്‍ക്ക് വേണ്ടി എന്‍.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പിതാവ് ദാമോദരന്‍ നായരെ കാണാന്‍ ഗുജറാത്തിലെ ഖോഡ ജില്ലയിലെ ധാകോറില്‍ സുരേഷ് നായര്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും എന്‍.ഐ.എ ഇവിടെ നിലയുറപ്പിച്ചിരുന്നതിനാല്‍ സുരേഷ് എത്തിയിരുന്നില്ല.

ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ കൊയിലാണ്ടി സ്വദേശിയായ സുരേഷ്‌നായര്‍ 2005ലാണ് അവസാനമായി നാട്ടിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അടുത്തിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്‍.ഐ.എക്ക് ലഭിച്ചിരുന്നു.

ഗുജറാത്തിലെ പാരലല്‍ കോളേജ് അധ്യാപകനായിരുന്ന സുരേഷ്‌നായര്‍ അവിടെ ആര്‍.എസ്.എസ്സിന്റെ സജീവ പ്രവര്‍ത്തകനാണ്. അച്ഛന്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്. മാതാപിതാക്കള്‍ക്കൊപ്പം വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന സുരേഷ് സേ്ഫാടനത്തിനുശേഷം നാട്ടില്‍ വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

അജ്മീറില്‍ സേ്ഫാടനത്തിനായി ബോംബ് കൊണ്ട് വന്ന കേസിലാണ് സുരേഷ്‌നായര്‍ ഉള്‍പ്പെടെ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ എന്‍.ഐ.എ അന്വേഷിക്കുന്നത്. ബറുച്ച സ്വദേശി ഭവേഷ് പട്ടേല്‍, ഇന്‍ഡോര്‍ സ്വദേശി സന്ദീപ് ഡാങ്കെ, മധ്യപ്രദേശിലെ ദേവാസ് സ്വദേശി രാമചന്ദ്ര പട്ടിഡര്‍ എന്നിവരാണ് മറ്റുള്ളവര്‍.

ഇതില്‍ ഭവേഷ് പട്ടേല്‍, സുരേഷ് നായര്‍ എന്നിവര്‍ വഡോദര പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടവരാണ്. 2002ല്‍ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ബെസ്റ്റ് ബേക്കറി കേസിലും ഇവര്‍ പ്രതികളാണ്.

2007 ഒക്‌ടോബറില്‍ നോമ്പുതുറ സമയത്താണ് അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായത്. മൂന്നുപേര്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന് പങ്കുള്ളതായി രാജസ്ഥാന്‍ എ.ടി.എസ് കണ്ടെത്തിയിരുന്നു. കേസില്‍ പിടിയിലായവര്‍ക്കെല്ലാം ആര്‍.എസ്.എസ്, അഭിനവ് ഭാരത് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.