ന്യൂദല്‍ഹി: അജ്മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ മുന ഖൊരക്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പി യോഗി ആദിത്യ നാഥിലേക്ക് നീങ്ങുന്നതായി സൂചന. സ്‌ഫോടനത്തിലെ മുഖ്യസാക്ഷിയായിരുന്ന ആള്‍ എ.ടി.എസ്സിന് നല്‍കിയ മൊഴി യോഗി ആദിത്യ നാഥിനെ കുടുക്കാന്‍ പര്യാപ്തമാണെന്നാണ് സൂചന.

ഭാരത് ഭായ് എന്നയാളാണ് എ.ടി.എസ്സിന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായ സുനില്‍ ജോഷി എം.പിയെ സന്ദര്‍ശിച്ചിരുന്നുവെന്നും സ്‌ഫോടനം നടത്താനായി സാമ്പത്തിക സഹായം നല്‍കിയത് യോഗി ആദിത്യ നാഥാണെന്നുമാണ് ഭാരത് ഭായി എ.ടി.എസ്സിന് മൊഴിനല്‍കിയത്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി എം.പി രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണക്കുന്നുവെന്നും സുനില്‍ ജോഷിയെ അറിയുകപോലുമില്ലെന്നും യോഗി വ്യക്തമാക്കി. താന്‍ ആര്‍.എസ്.എസിന്റെ ഭാഗമാണെന്നും എന്നാല്‍ ഭാരത് ഭായിയെയോ സുനില്‍ ജോഷിയെയോ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

2007 ഒക്ടോബര്‍ 11നായിരുന്നു അജ്മീര്‍ ഖ്വാജ മൊഹിയുദ്ദീന്‍ ചിസ്തി യില്‍ സ്‌ഫോടനം നടന്നത്. രാജസ്ഥാന്‍ എ.ടി.എസ് ആയിരുന്നു സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ചത്. അഭിനവ് ഭാരത് സംഘടനയുടെ ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലാവേ, ,സന്ദീപ് ഡാംഗേ, രാംജി കല്‍സാങ്കേ എന്നിവരെ എ.ടി.എസ് പ്രതിചേര്‍ത്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായിരുന്ന സുനില്‍ ജോഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.