ന്യൂദല്‍ഹി: സമരത്തിലിരിക്കുന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സംഘനകളുമായി കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് ഇന്ന് ചര്‍ച്ച നടത്തും. സമരം രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് അജിത് സിംഗ് പൈലറ്റുമാരുടെ സംഘടനയുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. ചര്‍ച്ചയില്‍ എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ 13 സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

കഴിഞ്ഞ രണ്ടാഴ്ചയായി ഇരുന്നൂറോളം പൈലറ്റുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പണിമുടക്കില്‍ പങ്കെടുത്തതിന്റെ ഭാഗമായി നേരത്തേ 70 ഓളം പൈലറ്റുമാരെ സസ്‌പെന്റ് ചെയ്തിരുന്നു.

എന്നാല്‍ പൈലറ്റുമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നാണ് സൂചന. അതേസമയം സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ എയര്‍ ഇന്ത്യ രാജ്യാന്തര സര്‍വീസുകളുടെ ബുക്കിംഗ് ഈ മാസം 15 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റും വ്യോമയാനമന്ത്രാലയത്തിലെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സമരം തുടങ്ങിയത്.