ന്യൂദല്‍ഹി: കിങ്ഫിഷര്‍ എയര്‍ലൈന്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി നല്‍കുന്ന കാര്യത്തില്‍ സുരക്ഷാനിബന്ധനയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിങ് ആവര്‍ത്തിച്ചു.

Ads By Google

കിങ്ഫിഷറിന് സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചെന്ന ഉറപ്പ് ലഭിക്കണം. അതിന് ശേഷം മാത്രമേ അനുമതി നല്‍കാനാകൂവെന്നും അജിത് സിങ് കൂട്ടിച്ചേര്‍ത്തു.

കിങ്ഫിഷര്‍ തകര്‍ച്ചയെ അതിജീവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നിരവധി കമ്പനികള്‍ ഇത്തരത്തില്‍ തകര്‍ച്ചയെ അതിജീവിച്ചിട്ടുണ്ടെന്നും അജിത് സിങ് പറഞ്ഞു.

ഫ്‌ളൈറ്റ് ക്ലിയറന്‍സ് നല്‍കുന്ന എന്‍ജിനീയര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്നാണ് കമ്പനിയുടെ സര്‍വീസ് നിലച്ചത്. ആറ് മാസത്തെ ശമ്പള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ഒരു മാസത്തെ ശമ്പളം ഏതാനും ദിവസങ്ങള്‍ക്കകം നല്‍കാമെന്നും ബാക്കി തുക പിന്നീട് നല്‍കാമെന്നുമുള്ള മാനേജ്‌മെന്റിന്റെ നിര്‍ദേശം സമരക്കാര്‍ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന താല്‍ക്കാലിക ലോക്കൗട്ട് സമയപരിധി കമ്പനി നീട്ടുകയും ചെയ്തിരുന്നു.

ഈ മാസം 12 വരെയാണ് ലോക്കൗട്ട് സമയപരിധി നീട്ടിയിരിക്കുന്നത്.