ന്യൂദല്‍ഹി: കേരളത്തിലെ വിമാനയാത്രക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് വ്യോമയാനമന്ത്രി അജിത് സിങ്. വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അജിത് സിങ് പറഞ്ഞു.

കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അജിത് ഇക്കാര്യങ്ങള്‍ ഉറപ്പുനല്‍കിയത്.

Ads By Google

മോശം കാലാവസ്ഥ മൂലം വിമാനങ്ങള്‍ മറ്റിടങ്ങളില്‍ ഇറക്കേണ്ടിവരുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

വിമാനയാത്രക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അടുത്ത വര്‍ഷം ആദ്യത്തോടെ പരിഹാരമുണ്ടാക്കുമെന്നും താന്‍ നേരിട്ട് കാര്യങ്ങള്‍ ഗൗരവത്തോടെ ശ്രദ്ധിക്കുമെന്നും അജിത് സിങ് വ്യക്തമാക്കിയതായി വയലാര്‍ രവി പറഞ്ഞു.

കഴിഞ്ഞ മാസം അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥ മൂലം തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയത് യാത്രക്കാരും വിമാനജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിലെത്തിച്ചിരുന്നു.

യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചതായ പൈലറ്റിന്റെ സന്ദേശത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.